മുഗബെയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു ; പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തു നിന്ന് പുറത്താക്കി

മുഗബെയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു ; പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തു നിന്ന് പുറത്താക്കി

ഹരാരെ: സിംബാബ്‌വെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയെ സാനു പി.എഫ് പാര്‍ട്ടിയുടെ ഔദ്യോഗിക പദവികളില്‍ നിന്ന് പുറത്താക്കി. 37 വര്‍ഷം നീണ്ട 'മുഗാബെ യുഗ'ത്തിനാണ് സനു പിഎഫ് പാര്‍ട്ടി അന്ത്യം കുറിച്ചത്. മുന്‍ വൈസ് പ്രസിഡന്റ് എമേഴ്‌സന്‍ നന്‍ഗാഗ്വയാണു പാര്‍ട്ടിയുടെ പുതിയ നേതാവ്. പാര്‍ട്ടി വനിതാവിഭാഗം അധ്യക്ഷപദവിയില്‍നിന്നു മുഗാബെയുടെ ഭാര്യ ഗ്രേസിനെയും പുറത്താക്കി. 

നന്‍ഗാഗ്വയെ സിംബാബ്‌വെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മുഗാബെ നേരത്തെ മാറ്റിയിരുന്നു. വിശ്വാസവഞ്ചനക്കുറ്റം ആരോപിച്ചാണ് 75കാരനായ നന്‍ഗാഗ്വയെ പുറത്താക്കിയത്. നന്‍ഗാഗ്വയ്ക്കു പകരം ഭാര്യ ഗ്രേസിനെ അധികാര കേന്ദ്രത്തിലേക്കു കൊണ്ടുവന്ന് തനിക്കുശേഷം പ്രസിഡന്റാക്കാന്‍ മുഗാബെ ശ്രമം നടത്തിയിരുന്നു. മുഗാബെയുടെ ഓഫിസില്‍ സെക്രട്ടറിയായി വന്ന്, ഒടുവില്‍ പ്രഥമവനിതയായ വ്യക്തിയാണ് 52കാരി ഗ്രേസ് മുഗാബെ.

കോളനിവാഴ്ചയില്‍ നിന്ന് രാജ്യത്തെ മോചിപ്പിച്ച് നീണ്ട 37 വര്‍ഷം ഭരണം നടത്തിയ നേതാവ് അധികാരം വിടണമെന്ന ബാനറുയര്‍ത്തിയാണ് പതിനായിരങ്ങള്‍ തലസ്ഥാന നഗരമായ ഹരാരെയില്‍ തെരുവില്‍ റാലി നടത്തിയത്. ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ മുഗാബെയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ പാര്‍ട്ടി പദവിയില്‍ നിന്ന് നീക്കിയത്.

ലോകത്തെ ഏറ്റവും പ്രായമുള്ള ഭരണാധികാരിയായിരുന്നു മുഗാബെ. 1980ല്‍ ബ്രിട്ടനില്‍നിന്ന് സ്വാതന്ത്ര്യം നേടിയതുമുതല്‍ സിംബാവെയുടെ പ്രസിഡന്റാണ്. ബുധനാഴ്ചയാണ് സൈന്യം അട്ടിമറിയിലൂടെ സിംബാബ്‌വെയില്‍ അധികാരം പിടിച്ചത്. മുഗാബെയും ഭാര്യ ഗ്രേസിനെയും സൈന്യം വീട്ടുതടങ്കലിലാക്കുകയും ചെയ്തിരുന്നു.