സിറിയയിലെ രാസായുധ പ്രയോഗത്തെക്കുറിച്ചുള്ള പുനരന്വേഷണം; പ്രമേയം റഷ്യ വീറ്റോ ചെയ്തു

സിറിയയിലെ രാസായുധ പ്രയോഗത്തെക്കുറിച്ചുള്ള പുനരന്വേഷണം; പ്രമേയം റഷ്യ വീറ്റോ ചെയ്തു

ന്യൂയോർക്ക്: സിറിയൻ ഭരണകൂടം നടത്തിയ രാസായുധ പ്രയോഗത്തെക്കുറിച്ചു പുനരന്വേഷണം ആവശ്യപ്പെട്ട് കൊണ്ടുവന്ന പ്രമേയം റഷ്യ വീറ്റോ ചെയ്തു. വിമതരുടെ നിയന്ത്രണത്തിലുള്ള ഗ്രാമങ്ങളിൽ കഴിഞ്ഞ ഏപ്രിൽ നാലിനാണു രാസായുധ പ്രയോഗം നടന്നത്. ഈ വിഷയം അന്വേഷികണം എന്ന ആവശ്യവുമായി ജപ്പാനാണു യുഎൻ രക്ഷാസമിതിയിൽ പ്രമേയം അവതരിപ്പിച്ചത്. കഴിഞ്ഞദിവസം യുഎസ് കൊണ്ടുവന്ന പ്രമേയം വീറ്റോ ചെയ്തിരുന്നു. 

സിറിയയ്ക്കെതിരെ ഐക്യരാഷ്ട്ര സംഘടനയിൽ വരുന്ന നീക്കങ്ങളെ റഷ്യ നേരത്തേ 11 വട്ടം പ്രതിരോധിച്ചിട്ടുണ്ട്. സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദിനെതിരെ വിമതർ ആറു വർഷത്തോളമായി സായുധ പോരാട്ടത്തിലാണ്. അസദിനെ അനുകൂലിക്കുന്ന സൈന്യമാണു സാധാരണ ജനങ്ങൾക്കുനേരെ രാസായുധം പ്രയോഗിച്ചത്. ഇതിൽ സ്‌ത്രീകളും കുട്ടികളുമടക്കം ഒട്ടേറെപ്പേർ കൊല്ലപ്പെട്ടിരുന്നു. 

രാസായുധം പ്രയോഗിച്ചിട്ടില്ലെന്നാണു സൈന്യത്തിന്റെ വിശദീകരണം. എന്നാൽ, വായിൽനിന്നു നുരയും പതയും പുറത്തുവന്ന നിലയിലുള്ള മൃതദേഹങ്ങളുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഈ മൃതദേഹങ്ങളിലൊന്നിലും മുറിവുകളില്ലാത്തതും വിഷവാതക പ്രയോഗത്തിന്റെ തെളിവായി ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു.