കിം ജോങ് ഉന്നുമായി ചർച്ച നടത്തുന്നത്  ദൗർബല്യമായി കാണുന്നില്ല : ട്രംപ്

കിം ജോങ് ഉന്നുമായി ചർച്ച നടത്തുന്നത്  ദൗർബല്യമായി കാണുന്നില്ല : ട്രംപ്


വാഷിങ്ടൻ∙ കിം ജോങ് ഉന്നുമായി കൂടിക്കാഴ്ചയ്ക്കു തയാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഏഷ്യൻ സന്ദർശനത്തിനിടെ നടത്തിയ അഭിമുഖത്തിലാണ് തന്‍റെ നിലപാട് അറിയിച്ചത്.  ഒട്ടേറെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ആരുടെ ഒപ്പവും ഇരിക്കാൻ താൻ തയാറാണ്. ചർച്ച നടത്തുന്നത് തന്റെ ശക്തിയോ ദൗർബല്യമോ ആയി കാണുന്നില്ല. ആരോടെങ്കിലും ചർച്ച നടത്തുന്നതൊരു മോശം കാര്യമല്ലെന്നും ട്രംപ് പറഞ്ഞു. ദക്ഷിണ കൊറിയൻ സന്ദർശനത്തിനു ഒരു ദിവസം ബാക്കിനിൽക്കുമ്പോഴാണ് ട്രംപിന്റെ പ്രതികരണം.

ഭീകരപ്രവർത്തനത്തെ സഹായിക്കുന്ന രാജ്യമായി ഉത്തര കൊറിയയെ വൈകാതെ പ്രഖ്യാപിച്ചേക്കുമെന്ന് വ്യക്തമാക്കി. ജപ്പാനിൽ സന്ദർശനം നടത്തുമ്പോൾ ഉത്തര കൊറിയയ്ക്ക് ശക്തമായ മുന്നറിയിപ്പും ട്രംപ് നൽകിയിരുന്നു.  . ഉത്തര കൊറിയ ഞങ്ങളുടെ രാജ്യത്തിനും ലോകത്തിനും വലിയൊരു പ്രശ്നമാണ്. അതിനാൽ ഞങ്ങൾക്കു പ്രശ്നം തീർക്കേണ്ടതുണ്ട്.’ ട്രംപ് പറഞ്ഞു.‍ 

അമേരിക്കയുടെ നിശ്ചയദാർഢ്യത്തെ ഒരു സ്വേച്ഛാധിപതിയും ചെറുതായി കാണേണ്ടതില്ലെന്നും മുൻപ് ഇങ്ങനെ ചെയ്തിട്ടുള്ളവരുടെ അനുഭവം സന്തോഷപ്രദമായിരുന്നില്ലെന്നും ട്രംപ് ഓർമിപ്പിച്ചിരുന്നു.അതേസമയം, ട്രംപിന്റെ സന്ദർശനത്തിനു മുന്നോടിയായി 18 ഉത്തര കൊറിയക്കാർക്ക് ദക്ഷിണ കൊറിയ ഉപരോധമേർപ്പെടുത്തി. ഉത്തര കൊറിയക്കാരുമായുള്ള പണമിടപാടുകൾക്കും നിയന്ത്രണമുണ്ട്. യുഎൻ മുൻപുതന്നെ ഉപരോധം ഏർപ്പെടുത്തിയവർക്കാണു ഇപ്പോൾ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതെന്ന് ദക്ഷിണ കൊറിയൻ ധനമന്ത്രാലയം വ്യക്തമാക്കി.