വാര്‍ത്തസമ്മേളനത്തിനിടെ ട്രംപുമായി കോര്‍ത്തു; റിപ്പോര്‍ട്ടറെ വെറ്റ്ഹൗസ് പുറത്താക്കി

വാര്‍ത്തസമ്മേളനത്തിനിടെ ട്രംപുമായി കോര്‍ത്തു; റിപ്പോര്‍ട്ടറെ വെറ്റ്ഹൗസ് പുറത്താക്കി

വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട സി.എന്‍.എന്‍ റിപ്പോര്‍ട്ടര്‍ ജിം അകോസ്റ്റയെ വൈറ്റ് ഹൗസ് പുറത്താക്കി. ബുധനാഴ്ച ട്രംപ് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് ജിം അദ്ദേഹവുമായി കോര്‍ത്തത്. ജിമ്മിന്റെ അംഗീകാരവും വൈറ്റ് ഹൗസ് റദ്ദാക്കിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.  ഇനിയൊരു അറിയിപ്പ് ലഭിക്കുന്നത് വരെ ജിമ്മിന് വൈറ്റ് ഹൗസില്‍ റിപ്പോര്‍ട്ടിംഗ് സാധ്യമല്ല. 

ഇരുവരും തമ്മിലുള്ള തര്‍ക്കത്തിനിടെ ജിമ്മിന്റെ പക്കല്‍ നിന്നും മൈക്രോഫോണ്‍ ബലമായി പിടിച്ചുവാങ്ങാനും വൈറ്റ് ഹൗസ് ജീവനക്കാര്‍ ശ്രമം നടത്തി. എന്നാല്‍ വിട്ടുകൊടുക്കാന്‍ തയ്യാറാകാതെ ജിം പ്രസിഡന്റിനോട് കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിക്കാനാണ് ശ്രമിച്ചത്. സി.എന്‍.എന്നിന്റെ വൈറ്റ് ഹൗസ് ചീഫ് കറസ്പോണ്ടന്റായ ജിം വൈറ്റ് ഹൗസില്‍ പ്രവേശിക്കുന്നത് തടഞ്ഞതായും പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്സ് പിന്നീട് അറിയിച്ചു. 'ഒരു യുവതിയുടെ മേല്‍ കൈവച്ചു' എന്ന കാരണത്താലാണ് പുറത്താക്കല്‍ എന്നാണ് സാന്‍ഡേഴ്സ് അറിയിച്ചത്. 'തന്റെ ജോലി ചെയ്യാന്‍ ശ്രമിക്കുന്ന യുവതിയുടെ മേല്‍ കൈവച്ച ജിമ്മിന്റെ നടപടി കണ്ടില്ലെന്ന് നടിക്കാന്‍ കഴില്ലെന്നാണ് 'സാന്‍ഡേഴ്സ് ട്വീറ്റ് ചെയ്തത്. 

വാക്കുതര്‍ക്കത്തിനിടെ ട്രംപ് ജിമ്മിനെതിരെ കടുത്ത വാക്കുകളും പ്രയോഗിച്ചിരുന്നു. ധിക്കാരി വൃത്തികെട്ടവന്‍ തുടങ്ങിയ പ്രയോഗങ്ങളാണ് ട്രംപ് നടത്തിയത്. ഇരുവരും തമ്മിലുളള തര്‍ക്കത്തിലുള്ള വീഡിയോ വീഡിയോ ഓണ്‍ലൈനുകളില്‍ ഇപ്പോള്‍ വൈറലായി.
തന്നെ പുറത്താക്കിയ നടപടി അകോസ്റ്റയുടെ ട്വീറ്റ് ചെയ്തിട്ടുണ്ട്. താന്‍ വൈറ്റ് ഹൗസില്‍ പ്രവേശിക്കുന്നതിനെ സീക്രട്ട് സര്‍വീസ് തടഞ്ഞിരിക്കുകയാണ് ജിം പറയുന്നു. കുടിയേറ്റവുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങളാണ് ട്രംപിനെ പ്രകോപിച്ചതെന്ന് കരുതുന്നു.