കാസ്‌പെര്‍സ്‌കി ദേശസുരക്ഷയ്ക്ക് ഭീഷണിയെന്ന് അമേരിക്കന്‍ ഭരണകൂടം

കാസ്‌പെര്‍സ്‌കി ദേശസുരക്ഷയ്ക്ക് ഭീഷണിയെന്ന് അമേരിക്കന്‍ ഭരണകൂടം

വാഷ്ങ്ടണ്‍: അമേരിക്കയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് സൈബര്‍ സുരക്ഷാ സ്ഥാപനമായ കാസ്‌പെര്‍സ്‌കിയുടെ ആന്റി വൈറസ് സോഫ്‌റ്റ്വേറുകള്‍ ഒഴിവാക്കാന്‍ ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവ്, റഷ്യന്‍ കമ്പനിയായ കാസ്‌പെര്‍സ്‌കി ദേശസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. അമേരിക്കയ്ക്ക് റഷ്യയില്‍ നിന്ന് സൈബര്‍ ഭീഷണിയുണ്ടെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് വിവരങ്ങള്‍ പുറത്തുവിട്ടതിത് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ റഷ്യന്‍ ഇടപെടലുണ്ടായിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം തങ്ങള്‍ക്കെതിരായ ആരോപണങ്ങളെ കാസ്‌പെര്‍സ്‌കി ലാബ് തള്ളിക്കളഞ്ഞു. തങ്ങള്‍ക്കെതിരെ വിശ്വാസയോഗ്യമായ തെളിവുകള്‍ നിരത്താന്‍ സാധിച്ചിട്ടില്ലെന്നും അമേരിക്കന്‍ നടപടി തെറ്റായ വിവരങ്ങളുടെയും നിഗമനങ്ങളുടെയും അടിസ്ഥാനത്തിലാണെന്നും കാസ്‌പെര്‍സ്‌കി ലാബ് പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം അമേരിക്കന്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി വിഭാഗം തങ്ങളുടെ ഓഫീസുകളില്‍ ഉപയോഗിക്കുന്ന കാസ്‌പെര്‍സ്‌കി സേവനങ്ങള്‍ കണ്ടെത്തി 90 ദിവസത്തിനുള്ളില്‍ ഒഴിവാക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു.

കാസ്പര്‍സ്‌കി ശേഖരിക്കുന്ന വിവരങ്ങള്‍ റഷ്യന്‍ ഏജന്‍സികള്‍ക്ക് ലഭിക്കുന്നുവെന്നാണ് ഇവര്‍ക്കെതിരായി ഉയരുന്ന പ്രധാന ആരോപണം. എന്നാല്‍ തങ്ങള്‍ ഏതെങ്കിലും സര്‍ക്കാരിനുവേണ്ടിയല്ല പ്രവര്‍ത്തിക്കുന്നതെന്നും ചാരപ്രവര്‍ത്തനം നടത്തുന്നില്ലെന്നും കാസ്‌പെര്‍സ്‌കി വിശദീകരിക്കുന്നു. അതേസമയം കാസ്‌പെര്‍സ്‌കിക്ക് അവരുടെ വിശദീകരണം നല്‍കാന്‍ സമയം നല്‍കുമെന്നും യുഎസ് അധികൃതര്‍ അറിയിച്ചു.