നിപ്പാ വൈറസ് ബാധ: കേരളത്തില്‍ നിന്നുള്ള പഴം പച്ചക്കറികള്‍ക്ക് സൗദിയില്‍ താല്‍കാലിക വിലക്ക്

നിപ്പാ വൈറസ് ബാധ: കേരളത്തില്‍ നിന്നുള്ള പഴം പച്ചക്കറികള്‍ക്ക് സൗദിയില്‍ താല്‍കാലിക വിലക്ക്

റിയാദ്: കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ നിപാ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന പഴം പച്ചക്കറികള്‍ക്ക് സഊദി താല്‍കാലികമായി വിലക്കേര്‍പ്പെടുത്തി. സഊദി പരിസ്ഥിതി മന്ത്രാലയമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ശനിയാഴ്ച്ച പുറപ്പെടുവിച്ചത്. മന്ത്രാലയ തീരുമാനം അടിയന്തിരമായി നടപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപെട്ടിട്ടുണ്ട്. 

നിപാ വൈറസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നേരത്തെ തന്നെ വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു. കേരളത്തിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും മുന്‍കരുതല്‍ സ്വീകരിക്കണമെന്നുമടക്കമുള്ള നിര്‍ദേശങ്ങള്‍ വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ നല്‍കിയിട്ടുണ്ട്. 

ഇതിനു പിന്നാലെയാണ് കേരളത്തില്‍ നിന്നുള്ള പഴം പച്ചക്കറി ഇറക്കുമതിയും നിയന്ത്രിച്ചത്. കേരളത്തില്‍ നിന്നും സഊദിയിലേക്ക് വന്‍തോതില്‍ പഴം പച്ചക്കറി ഇറക്കുമതി ചെയ്യുന്നുണ്ട്.