അമേരിക്കന്‍ എംബസി ജെറുസലേമിലേക്കു മാറ്റിയത് അംഗീകരിക്കാനാവില്ലെന്ന് സൗദി

അമേരിക്കന്‍ എംബസി ജെറുസലേമിലേക്കു മാറ്റിയത് അംഗീകരിക്കാനാവില്ലെന്ന് സൗദി

അമേരിക്കന്‍ എംബസി ജെറുസലേമിലേക്കു മാറ്റിയത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സൗദി അറേബ്യ. സമാധാന പ്രക്രിയ മുന്നോട്ടു കൊണ്ടുപോകുന്നതിന് നടത്തുന്ന ശ്രമങ്ങളില്‍ നിന്നുള്ള പിന്നോക്കം പോക്കാണ് എംബസി മാറ്റമെന്ന് സൗദി വിലയിരുത്തി. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് അമേരിക്കൻ നടപടിക്കെതിരെ സൗദി ശക്തമായി പ്രതികരിച്ചത്.
 
അമേരിക്കയുടെ നടപടി പക്ഷപാതപരമാണ്. ജെറുസലം നഗരത്തിനു മേലുള്ള പലസ്തീന്‍ ജനതയുടെ അവകാശം ഐക്യരാഷ്ട്രസഭ ഉറപ്പു നല്‍കുന്നതാണ്. ഇത് അന്താരാഷ്ട്ര സമൂഹം അംഗീകരിക്കുകയും പിന്തുണക്കുകയും ചെയ്യുന്നു. സമാധാന പ്രക്രിയ മുന്നോട്ടു കൊണ്ടുപോകുന്നതിന് നടത്തുന്ന ശ്രമങ്ങളില്‍ നിന്നുള്ള പിന്നോക്കം പോക്കാണ് എംബസി മാറ്റം - സൗദി അറിയിച്ചു.

ലോക മുസ്ലിംങ്ങളുടെ വികാരത്തെ വൃണപ്പെടുത്തുന്നതാണീ നടപടി. നിരായുധരായ പലസ്തീനികളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണങ്ങളെയും സൗദി മന്ത്രിസഭ അപലപിച്ചു. ന്യായീകരിക്കാനാകാത്ത ഇത്തരമൊരു ചുവടുവെയ്പ്പിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളെ കുറിച്ച് സൗദി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.