റഷ്യയില്‍  71 യാത്രക്കാരുമായി പറന്ന  വിമാനം തകര്‍ന്നുവീണു

റഷ്യയില്‍   71 യാത്രക്കാരുമായി പറന്ന  വിമാനം തകര്‍ന്നുവീണു

മോസ്‌കോ: റഷ്യയില്‍ യാത്രാവിമാനം തകര്‍ന്നു വീണു. ദോമജിയദവ വിമാനത്താവളത്തില്‍ നിന്നു പറന്നുയര്‍ന്ന വിമാനമാണു മോസ്‌കോയ്ക്കു സമീപം അര്‍ഗുനോവോ ഗ്രാമത്തില്‍ തകര്‍ന്നത്. വിമാനത്തില്‍ 65 യാത്രക്കാരും ആറു ജീവനക്കാരുമുണ്ടായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു. 71 പേരും കൊല്ലപ്പെട്ടതായാണു വിവരം. യാത്രക്കാര്‍ എല്ലാവരും കൊല്ലപ്പെട്ടിരിക്കാനാണു സാധ്യതയെന്ന് രക്ഷാപ്രവര്‍ത്തകരെ ഉദ്ധരിച്ച് ‘ടാസ്’ വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തു.

വിമാനത്തിന്റെ അവശിഷ്ടങ്ങളും മൃതദേഹങ്ങളും കണ്ടെത്തിയതായി സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു. ആകാശത്തു നിന്നു കത്തിയമര്‍ന്ന വിമാനം പതിക്കുന്നതു കണ്ടതായി അര്‍ഗുനോവോ ഗ്രാമവാസികളും മാധ്യമങ്ങളോടു പറഞ്ഞു. പ്രാദേശിക സമയം രാവിലെ 11.22ന് പറന്നുയര്‍ന്ന വിമാനമാണു തകര്‍ന്നു വീണത്. പറന്നുയര്‍ന്ന് ഏതാനും മിനിറ്റുകള്‍ക്കു ശേഷമാണു വിമാനം താഴേക്കു പതിച്ചത്. അതിനു മുന്നോടിയായി ആശയവിനിമയ ബന്ധവും നഷ്ടപ്പെട്ടു. എന്നാല്‍ കാരണം വ്യക്തമല്ല.

An-148 of 'Saratov airlines' crashed after takeoff from Domodedovo. 71 were onboard. Likely no survivor https://t.co/1BhF8aRC4h pic.twitter.com/js8vH2x0Qb #Russia

— Liveuamap (@Liveuamap) February 11, 2018

ആഭ്യന്തര വിമാന കമ്പനിയായ സറാതവ് എയര്‍ലൈന്‍സിന്റെ ആന്റനോവ് എഎന്‍ 148 വിമാനമാണു തകര്‍ന്നു വീണത്. എന്നാല്‍ ദോമജിയദവ വിമാനത്താവളത്തില്‍ നിന്ന് 20 കിലോമീറ്റര്‍ ദൂരം പിന്നിട്ടപ്പോള്‍ ഓട്ടമാറ്റിക് ഡിപ്പന്‍ഡന്റ് സര്‍വയ്ലന്‍സ് ബ്രോഡ്കാസ്റ്റ് (എഡിഎസ്ബി) സിഗ്‌നലുകള്‍ നഷ്ടപ്പെടുകയായിരുന്നു.

വിമാനത്തിന്റെ ജിപിഎസ് പൊസിഷന്‍, എത്ര ഉയരത്തിലാണുള്ളത് തുടങ്ങിയ കാര്യങ്ങളില്‍ ഉള്‍പ്പെടെ സൂചന നല്‍കുന്നതാണ് എഡിഎസ്ബി. അവസാനമായി ലഭിച്ച ഈ സിഗ്‌നല്‍ പ്രകാരം വിമാനം 6200 അടി ഉയരത്തില്‍ നിന്നു 3200 അടിയിലേക്ക് കുത്തനെ വീഴുകയായിരുന്നു. ആറു കൊല്ലം പഴക്കമുള്ളതാണു വിമാനം. എന്നാല്‍ വിമാനത്തിന് സാങ്കേതിക തകരാറുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

മഞ്ഞുമൂടിയ വനത്തിനു നടുവിലാണ് വിമാനം തകര്‍ന്നുവീണത്. അവശിഷ്ടങ്ങളെല്ലാം മഞ്ഞുമൂടിയ നിലയിലാണ്. നൂറ്റി അന്‍പതിലേറെ രക്ഷാപ്രവര്‍ത്തകരെ അപകടസ്ഥലത്തേക്കു നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ കനത്ത മഞ്ഞ് കാരണം റോഡുമാര്‍ഗത്തില്‍ ഇവിടെ എത്താന്‍  സാധിച്ചിട്ടില്ല. ഏതാനും നാളുകളായി റഷ്യയില്‍ കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്.  വിമാനാപകടത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ അനുശോചനം രേഖപ്പെടുത്തി.