ഇറാഖിലെ പിടികിട്ടാപ്പുള്ളികളുടെ  പട്ടികയിൽ സദ്ദാം ഹുസൈന്റെ മകളും

ഇറാഖിലെ പിടികിട്ടാപ്പുള്ളികളുടെ  പട്ടികയിൽ സദ്ദാം ഹുസൈന്റെ മകളും

ബഗ്‌ദാദ് ∙ ഇറാഖിലെ പിടികിട്ടാപ്പുള്ളികളുടെ  പട്ടികയിൽ സദ്ദാം ഹുസൈന്റെ മൂത്തമകൾ റഗദും. ഐഎസ്ഐഎൽ, അൽഖായിദ, സദ്ദാമിന്റെ ബാത്ത് പാർട്ടി എന്നിവയുമായി ബന്ധമുള്ള 28 പേരുടെ പട്ടികയാണ് ഇറാഖ് പുറത്തുവിട്ടിരിക്കുന്നത്. രാജ്യത്ത് അക്രമത്തിനു പ്രേരണ നൽകുകയും ഭീകരപ്രവർത്തനങ്ങളോടു സഹകരിക്കുകയും ചെയ്യുന്നു എന്നതാണ് ഇവരുടെ പേരിലുള്ള കുറ്റം. 

ഇറാഖ് സർക്കാർ 2006 മുതൽ റഗദിനെ അന്വേഷിച്ചുവരികയാണ്. വിദേശത്തിരുന്നുകൊണ്ട് ഇറാഖിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ഇവർ ശ്രമിക്കുന്നുവെന്നാണ് ആരോപണം. എന്നാൽ, അപമാനിക്കുന്നവർക്കെതിരെ നിയമ നടപടി കൈക്കൊള്ളുമെന്നു റഗദ് അൽ അറേബ്യയ്ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

‘2003ൽ ഇറാഖിൽ യുഎസ് അധിനിവേശമുണ്ടായപ്പോഴും അതിനുശേഷവും ബാത്ത് പാർട്ടിയിൽ എനിക്കൊരു പങ്കാളിത്തവുമില്ല’– റഗദ് പറഞ്ഞു. റഗദ് ജോർദാനിലാണെന്നാണു കരുതപ്പെടുന്നത്. എന്നാൽ താനിപ്പോൾ ജോർദാനിലല്ലെന്നും അഭിമുഖത്തിൽ പറഞ്ഞു. എവിടെയാണെന്ന് വെളിപ്പെടുത്തിയതുമില്ല.