റഷ്യന്‍ സൈനികര്‍ ഇനി സെല്‍ഫിയെടുത്താല്‍ കുടുങ്ങും

 റഷ്യന്‍ സൈനികര്‍ ഇനി സെല്‍ഫിയെടുത്താല്‍ കുടുങ്ങും

റഷ്യയിലെ സൈനികര്‍ക്ക് ഇനി സെല്‍ഫിയെടുക്കാന്‍ സാധിക്കില്ല. സൈനികരുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പുതിയ നിയമത്തിന് സര്‍ക്കാര്‍ രൂപം നല്‍കി.

രാജ്യത്തിന്റെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു നിയമം കൊണ്ടുവരുന്നത്. ഫോട്ടോകള്‍, വീഡിയോ, തുടങ്ങി സൈനികപരമായ കാര്യങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യരുതെന്നാണ് പുതിയ നിയമം അനുശസിക്കുന്നത്. സെല്‍ഫികളും മറ്റും ബ്ലോഗിലോ ഇന്റെര്‍നെറ്റിലോ അപ്‌ലോഡ് ചെയ്യുക വഴി, ഓട്ടോമാറ്റിക് ജിയോ ലോക്കേഷന്‍ കാണുകയും ഇത് സൈന്യത്തെ എവിടെയാണ് വിന്യസിച്ചിരിക്കുന്നതെന്ന് വളരെ എളുപ്പം ശത്രുക്കള്‍ക്ക് മനസിലാക്കാനാകുമെന്നാണ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നത്. 

ഈ ബില്‍ പ്രധാനമായും മറ്റ് രാജ്യത്ത് വിന്യസിച്ചിരിക്കുന്ന കോണ്‍ട്രാക്ട് സൈനികരെ ലക്ഷ്യം വെക്കുന്നതാണ്. 

യുക്രൈന്‍, സിറിയ എന്നിവിടങ്ങളില്‍ വിന്യസിച്ചിരുന്ന സൈനികരുടെ സെല്‍ഫികള്‍ ഇത്തരത്തില്‍ ശത്രുക്കളെ സഹായിച്ചെന്ന കണ്ടെത്തലാണ് ഇത്തരമൊരു നിയമം രൂപംകൊടുത്തതിന്റെ പ്രധാനകാരണങ്ങളില്‍ ഒന്ന്. രാജ്യത്തെ FSB, FSO സുരക്ഷാ സേനക്ക് ഇതിനോടകം തന്നെ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

 2018 ജനുവരിയില്‍ സായുധസേനക്ക് വിലക്ക് പ്രാബല്യത്തില്‍ വരുമെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് മോസ്‌കോ ടൈംസ് ഉള്‍പ്പടെയുള്ളമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.