ആശങ്കയോടെ ഫലസ്തീനിയന്‍ ജനത ;കിഴക്കന്‍ ജറുസലേമിലെ കെട്ടിടങ്ങൾ പൊളിച്ച് സൈന്യം

ആശങ്കയോടെ ഫലസ്തീനിയന്‍ ജനത ;കിഴക്കന്‍ ജറുസലേമിലെ കെട്ടിടങ്ങൾ പൊളിച്ച് സൈന്യം

ജറുസലേമം :  ഫലസ്തീനിയന്‍ വീടുകള്‍ കൂട്ടത്തോടെ പൊളിച്ച് തുടങ്ങിയിരിക്കുകയാണ് ഇസ്രായേല്‍. കിഴക്കന്‍ ജറുസലേമിലെ പ്രാന്തപ്രദേശത്തുള്ള ബഹുനില കെട്ടിടങ്ങളാണ് കൂറ്റന്‍ ബുള്‍ഡോസറുകളുടെ സഹായത്തോടെ സൈന്യം പൊളിച്ച് നീക്കുന്നത്. പ്രദേശവാസികളുടെ പ്രതിഷേധത്തെയും അന്താരാഷ്ട്ര തലത്തിലുള്ള വിമര്‍ശനത്തെയും മറികടന്നാണ് ഇസ്രായേലിന്‍റെ നീക്കം. അതേസമയം അതിര്‍ത്തി പ്രദേശമായ വാദി ഹുമ്മുസിലെ 100 വീടുകള്‍ പൊളിക്കുന്നതിനായി ഇസ്രായേല്‍ സൈന്യം സോര്‍ ബെഹര്‍ എന്ന ഗ്രാമത്തിലേക്ക് നീങ്ങി.

കഴിഞ്ഞ മാസം അവസാനം മിലിട്ടറിക്കനുകൂലമായി ഇസ്രായേല്‍ കോടതി വിധി പുറപ്പെടുവിച്ചിരുന്നു. തിങ്കളാഴ്ച്ചക്കകം 100 വീടുകള്‍ പൊളിച്ചുനീക്കണമെന്നായിരുന്നു കോടതി ഉത്തരവ്. എന്നാല്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ വീടുകള്‍ പൊളിച്ച് നീക്കുന്ന നടപടി ഇസ്രായേല്‍ അധീന പ്രദേശമായ വെസ്റ്റ് ബാങ്കിലേക്ക് കൂടി നീങ്ങുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക. വെള്ളിയാഴ്ച്ച പുലര്‍ച്ചെയാണ് ഇരുട്ടിന്‍റെ മറവില്‍ സൈന്യം അതിര്‍ത്തി ലംഘിച്ച് വീടുകള്‍ പൊളിച്ച് നീക്കാന്‍ തുടങ്ങിയത്. ഫലസ്തീനിയന്‍ അതോറിറ്റിയുടെ അധികാരപരിധിയില്‍ പെടുന്ന സ്ഥലമാണ് വെസ്റ്റ് ബാങ്കിലെ വാദി ഹുമ്മുസ് എന്ന പ്രദേശം. ഇവിടെ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഫലസ്തീനിയന്‍ അതോറിറ്റിയുടെ പെര്‍മ്മിറ്റ് ആവശ്യമാണ്.