കറാച്ചി ഭയന്ന ആ ഡിസംബര്‍ 4 ; ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ പാകിസ്ഥാനില്‍ അഗ്നിതാണ്ഡവമാടിയ ദിനം

കറാച്ചി ഭയന്ന ആ ഡിസംബര്‍ 4 ; ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ പാകിസ്ഥാനില്‍ അഗ്നിതാണ്ഡവമാടിയ ദിനം

ഓപ്പറേഷന്‍ ട്രൈഡന്റ്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും ശക്തമായ നാവിക ആക്രമണം. പാകിസ്ഥാനെ പിളര്‍ത്തിയ യുദ്ധം. ഇന്ത്യന്‍ കരുത്തിനു മുന്നില്‍ പാക് സൈന്യം ആയുധം വെച്ച് കീഴടങ്ങിയ യുദ്ധം. ലോകശക്തികളുടെയൊന്നും പിന്‍ബലമില്ലാതെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് ഇന്ത്യ നേടിയ ജയം. ഒരു സൈനികന്റെ പോലും ജീവന്‍ ബലി നല്‍കാതെ വിജയം കണ്ട ഓപ്പറേഷന്‍. അങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ് ഇന്ത്യ അഭിമാനത്തോടെ കാണുന്ന ഓപ്പറേഷന്‍ ട്രൈഡന്റിന്.

ഓപ്പറേഷന്‍ ട്രൈഡന്റ് എന്തെന്നറിയണമെങ്കില്‍ അല്‍പം ചരിത്രം കൂടി പരിശോധിക്കണം. ഇന്ത്യ വിഭജനത്തിനു ശേഷം രൂപം കൊണ്ട പാക്കിസ്ഥാന്‍ ഇന്നത്തെ ബംഗ്ലാദേശ് ഉള്‍പ്പെടുന്ന കിഴക്കന്‍ പാകിസ്ഥാനില്‍ നടത്തിയ മനുഷ്യാവകാശധ്വംസനങ്ങള്‍ വിവരാണാതീതമാണ്. തല്‍ഫലമായി ഇന്ത്യയിലേക്ക് എത്തിയ അഭയര്‍ത്ഥികള്‍ക്ക നമ്മുടെ രാജ്യം അഭയം ഒരുക്കി. ഇതിനെതിരെ രംഗത്തെത്തിയ പാകിസ്ഥാന്‍ ബംഗ്ലാദേശില്‍ ഉയര്‍ന്ന പാക് വിരുദ്ധ പ്രക്ഷോഭത്തിനു പിന്നിലും ഇന്ത്യയെന്നാരോപിച്ചു. 

പാകിസ്ഥാനുമായി ദൃഡബന്ധം കാത്തു സൂക്ഷിച്ചിരുന്ന അമേരിക്കയും, ചൈനയും എരി തീയില്‍ എണ്ണയൊഴിച്ചുകൊണ്ടേയിരുന്നു. കൂടുതല്‍ ആയുധങ്ങള്‍ നല്‍കി  അമേരിക്ക പൂര്‍വ്വ പാകിസ്താനിലെ മൃഗീയതകളെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. അക്കാലത്ത് ഇന്ത്യയും സോവിയറ്റ് യൂണിയനും തമ്മിലുണ്ടായിരുന്ന ബന്ധമായിരുന്നു അമേരിക്കയുടെ പ്രശ്‌നം. ഇതിനിടെ പശ്ചിമ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ ആക്രമണം ആരംഭിച്ചു. അപ്രതീക്ഷിതമായി പാകിസ്ഥാന്റെ യുദ്ധവിമാനങ്ങള്‍ 9 ഇന്ത്യന്‍ വ്യോമസേന താവളങ്ങള്‍ക്കു നേരെ ആക്രമണം നടത്തി. 

ഇതോടെ ബംഗ്ലാദേശിനെതിരായ പാക് യുദ്ധം ഇന്ത്യ ഏറ്റെടുക്കുകയാണെന്ന് 1971 ഡിസംബര്‍ മൂന്നിന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ചു. അന്നു തന്നെ ഇന്ത്യന്‍ സൈന്യം തിരിച്ചടി തുടങ്ങി. യുദ്ധം രൂക്ഷമായി. സൈന്യവും വ്യോമസേനയും, അതിര്‍ത്തികളില്‍ യുദ്ധം ശക്തമാക്കിയപ്പോള്‍, നാവിക സേന ആ ചരിത്ര ദൗത്യത്തിന് തയ്യാറെടുക്കുകയായിരുന്നു. 


കിഴക്കന്‍ പാകിസ്ഥാനും, പടിഞ്ഞാറന്‍ പാകിസ്ഥാനും രണ്ടറ്റങ്ങളിലായുള്ള ഭൂവിഭാഗങ്ങളായിരുന്നതിനാല്‍ കടല്‍ മാര്‍ഗ്ഗമല്ലാതെ ഒരിടത്തു നിന്നു മറ്റൊരിടത്തേക്ക് എത്താനാകുമായിരുന്നില്ല. ഇരു പ്രദേശങ്ങളും തമ്മില്‍ ഏകദേശം 1600 മൈല്‍ ദൂരം. കടലിലൂടെയുള്ള പാക്‌സൈന്യത്തിന്റെ നീക്കം തകര്‍ക്കാന്‍ നാവികസേന തീരുമാനിച്ചു. 

വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡിനായിരുന്നു ദൗത്യ ചുമതല. അഡ്മിറല്‍ എസ് എം . നന്ദ ആയിരുന്നു നാവിക സേനാ മേധാവി . കമ്മാണ്ടര്‍ ബബ്രു ബാന്‍ യാദവിന്റെ നേതൃത്വത്തിലാണ് ഓപ്പറേഷന്‍ ട്രൈഡന്റ് ആസൂത്രണം ചെയ്തതും വിജയകരമായി നടപ്പാക്കിയതും .മൂന്ന് ചെറിയ മിസൈല്‍ കോര്‍വെറ്റ്കളും രണ്ടു കോര്‍വെറ്റ്കളും ഒരു ടാങ്കറുമാണ് ഓപ്പറേഷന്‍ ട്രിഡന്റിനുവേണ്ടിയുള്ള ഇന്ത്യന്‍ നാവിക വ്യൂഹത്തില്‍ ഉണ്ടായിരുന്നത് .

വര്‍ത്തമാന കാല യുദ്ധക്കപ്പലുകളില്‍ ഏറ്റവും ചെറിയവയാണ് കോര്‍വെറ്റുകള്‍. ഐ എന്‍ എസ് വീര്‍ ,ഐ എന്‍ എസ് നിപട് ,ഐ എന്‍ എസ് നിര്‍ഗറ് എന്നിവയായിരുന്നു മിസൈല്‍ വേധ കോര്‍വെറ്റ്കള്‍. ഐ എന്‍ എസ് കില്‍റ്റന്‍,ഐ എന്‍ എസ് കച്ചാല്‍ എന്നിവയായിരുന്നു രണ്ട് അര്‍ണ്ണിയ ക്ലാസ് ആന്റി സബ്മറൈന്‍ വാര്‍ഫെയര്‍ കോര്‍വെറ്റ്കള്‍.  

ഐ എന്‍ എസ് പോഷാക് ആയിരുന്നു ഇവയെ അനുഗമിച്ചിരുന്ന ഫഌറ്റ് ടാങ്കര്‍ . കമ്മാണ്ടര്‍ ബാബ്രൂ ഭന്‍ യാദവ് ആയിരുന്നു ഈ നാവിക വ്യൂഹത്തിന്റെ തലവന്‍ .മിസൈല്‍ കോര്‍വേറ്റുകളുടെ പ്രധാന ആയുധം സോവിയറ്റു നിര്‍മിത 2ബി സ്റ്റിക്‌സ് സര്‍ഫസ് ടു സര്‍ഫസ് മിസൈല്‍ ആയിരുന്നു.  ഈ മിസൈലുകള്‍ക്ക് 75 കിലോമീറ്റര്‍ വരെയാണ് പ്രഹര പരിധി ഉണ്ടായിരുന്നത്. .ഒരു യുദ്ധകപ്പല്‍ നാല് സ്റ്റിക്‌സ് മിസൈലുകളെയാണ് ഒരേ സമയം വഹിച്ചിരുന്നത്.

കറാച്ചി തുറുഖം. പാകിസ്ഥാന്റെ നാവികസേനയുടെ ആസ്ഥാനം. തന്ത്രപ്രധാനമേഖല. യൂ എസ് ഇല്‍ നിന്നും ലഭിച്ച അത്യാധുനിക ഡിസ്‌ട്രോയറുകള്‍ പാകിസ്ഥാന്‍ വിന്യസിച്ചിരുന്നതും കറാച്ചി തുറമുഖത്തായിരുന്നു.

ഇക്കാരണങ്ങളൊക്കെ കൊണ്ടു തന്നെ കറാച്ചി തുറമുഖത്തെയും പാക്കിസ്ഥാന്‍ നാവികസേനയെയും നശിപ്പിക്കുക എന്നത് യുദ്ധ വിജയത്തില്‍ നിര്‍ണ്ണായകമായിരുന്നു. യുദ്ധരംഗത്ത് പാകിസ്ഥാന് യുദ്ധക്കപ്പലുകളടക്കം നല്‍കി അമേരിക്ക പിന്തുണയ്ക്കുന്നുണ്ടായിരുന്നു. ചൈനയും ഒപ്പമുണ്ടായിരുന്നു. 1971 ഡിസംബര്‍ 4ന് രാത്രി മിഷന്‍ ആരംഭിച്ചു. 

ഡിസംബര്‍ 4 പകല്‍ ഇന്ത്യന്‍ നാവിക വ്യൂഹം കറാച്ചിക്ക് നാനൂറു കിലോമീറ്റര്‍ ആകലെയെത്തി നിരീക്ഷണം നടത്തി .ഒസാ എം ക്ലാസ് മിസ്സെല്‍ ബോട്ടുകള്‍ നിരീക്ഷണത്തിലും മുമ്പന്‍ തന്നെയായിരുന്നു. 36 മീറ്റര്‍ നീളമുള്ള ഈ റഷ്യന്‍ നിര്‍മ്മിത ബോട്ടുകള്‍ക്ക് ശത്രുവിന്റെ കണ്ണുവെട്ടിച്ച് അതിവേഗത്തില്‍ പായാം. അത്യാധുനിക പി. 15 മിസൈലുകള്‍ വഹിക്കുന്നവ. 

രാത്രി പത്തുമണിയോടുകൂടി ഇന്ത്യന്‍ നാവിക വ്യൂഹം കറാച്ചിയോട് അടുത്തു. തീരത്തേക്ക് കൂടുതല്‍ അടുക്കുന്നതിലെ സാങ്കേതിക ബുദ്ധിമുട്ട് കണക്കിലെടുത്ത് നിശ്ചിത ദൂരത്ത് വെച്ച് കറാച്ചി തുറമുഖത്തേക്ക് മിസൈലുകള്‍ തൊടുക്കാനായിരുന്നു പദ്ധതി. തുടര്‍ന്ന് ആക്രമണം നടത്തി തിരിച്ചു പോകാനും. യുദ്ധത്തിലെ മറ്റൊരു നിര്‍ണ്ണായക ഘടകം റഷ്യയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയെത്തിയ സൈനികരായിരുന്നു. റഷ്യന്‍ ഭാഷ അനായാസം കൈകാര്യം ചെയ്യുന്നവര്‍. അതു കൊണ്ടു തന്നെ ഓപ്പറേഷന്റെ മുഴുവന്‍ ആശയവിനിമയവും റഷ്യന്‍ ഭാഷയിലായിരുന്നു. ഏതെങ്കിലും തരത്തില്‍ ഇന്ത്യന്‍ സിംഗ്നലുകള്‍ ചോര്‍ത്തിയാല്‍ പോലും റഷ്യന്‍ ഭാഷ അറിയാത്തവര്‍ക്ക് മനസ്സിലാവുക പ്രയാസം.

ഐ.എന്‍.എസ് നിപത്തിലായിരുന്നു കമ്മാണ്ടര്‍ ബബ്രു ബാന്‍ യാദവ്. ഇരുട്ടിന്റെ മറവില്‍ നീങ്ങിയ ഇന്ത്യന്‍ കപ്പലുകളുടെ നീരീക്ഷണത്തില്‍ കറാച്ചി തുറമുഖത്തിനു സമീപം കടലില്‍ നിരീക്ഷണം നടത്തുന്ന പാക് കപ്പലുകള്‍പെട്ടു. ഇന്ത്യന്‍ വ്യൂഹത്തിന്റെ ഇടതു വശത്തായിരുന്ന ഐ.എന്‍.എസ് നിര്‍ഘട്ട് പാക് കപ്പലിനു നേരെ ആദ്യ മിസൈല്‍ തൊടുത്തു. ക്ഷണമാത്രകൊണ്ട് ശത്രുവിനെ തീഗോളമാക്കി മിസൈല്‍ ലക്ഷ്യം കണ്ടു.

പകിസ്ഥാന്‍ നാവിക സേനയിലെ ബ്രിട്ടീഷ് നിര്‍മിത ഡിസ്‌ട്രോയര്‍ ആയ പി.എന്‍.എസ് ഖൈബറായിരുന്നു അത്. വന്‍ ശബദത്തോടെ ഖൈബര്‍ പൊട്ടിത്തെറിച്ചു. ആക്രമണം നടന്ന ഉടന്‍ തന്നെ ഖൈബറില്‍ നിന്നും അപായ സന്ദേശം പാഞ്ഞിരുന്നു. പക്ഷേ എന്താണ് സംഭവിക്കുന്നതെന്ന് പോലും പാക് നാവികസേനയ്ക്ക് മനസ്സിലാക്കായില്ല. അടുത്ത മൂന്നു മിനിട്ടിനുള്ളില്‍ ഐ എന്‍ എസ് നിര്‍ഗറ്റ് രണ്ടാമത്തെ സ്റ്റിക്‌സ് മിസൈലും തൊടുത്തു .രണ്ടാമത്തെ മിസൈലും ലക്ഷ്യത്തില്‍ പതിച്ചു. പാകിസ്ഥാന് നാവികസേനയുടെ വന്‍ ഡിസ്‌ട്രോയാറിനെ ഒരു ഇന്ത്യന്‍ ചെറുപടക്കപ്പല്‍ രണ്ടു മിസൈലുകള്‍ കൊണ്ട് പുകച്ചുരുളുകളാക്കി. ഖൈബര്‍ മുങ്ങിത്താണു 

കറാച്ചി തുറമുഖത്തിന് 32 മൈല്‍ അകലെവെച്ചാണ് ഇതെല്ലാം നടന്നത്. ഐ.എന്‍,എസ് വീറിന്റെ നിരീക്ഷണത്തില്‍ ഈ സമയം മറ്റൊരു ശത്രുകൂടി തെളിഞ്ഞു. പാകിസ്ഥാന്റെ പി.എന്‍.എസ് മുഹാഫിസ്. വീറില്‍ നിന്നും തൊടുത്ത രണ്ടു മിസൈലുകള്‍ മുഹാഫിസിനെ ക്ഷണമാത്രകൊണ്ട് തകര്‍ത്തു. അപായ സൂചന നല്‍കാനുള്ള സമയം പോലും ലഭിച്ചില്ല മുഹാഫിസിന്. അത്രയ്ക്കു കൃത്യതയോടെയായിരുന്നു ഇന്ത്യന്‍ മിസൈലുകള്‍ ലക്ഷ്യം കണ്ടത്. 17 മിനിട്ട് നിന്ന് കത്തിയ ശേഷമാണ് കപ്പല്‍ കടലില്‍ താണത്. 

പിന്നീട് പി.എന്‍.എസ്  തുഗ്രില്‍. ശേഷം പി.എന്‍.എസ് ടിപ്പുസുല്ത്താ്‌നും മുങ്ങി. അതിനിടയില്‍ അമേരിക്കയില്‍ നിന്നും ആയുധങ്ങളുമായി വന്ന വീനസ് എന്നൊരു കപ്പലും കൂടി നാവിക സേന ആക്രമിച്ചു തകര്‍ത്തു. നിര്‍ഭയം മുന്നോട്ടു നീങ്ങിയ ഐ.എന്‍.എസ് നിപത്, കറാച്ചിയില്‍ നിന്നും 14 മൈല്‍ അകലെ വെച്ച് ആദ്യ മിസൈല്‍ പാകിസ്ഥാനിലേക്ക് തൊടുത്തു. 

അര്‍ത്ഥരാത്രിയാകാന്‍ ഒരു മിനിട്ട് മാത്രം ശേഷിക്കേ, പാക് സൈന്യത്തിന്റെ ഹൃദയത്തിലേക്ക് ഇന്ത്യന്‍ ആക്രമണം. ലക്ഷ്യം കൃത്യമായിരുന്നു. തുറമുഖത്തെ അതിഭീമന്‍ എണ്ണ ടാങ്കുകളിലൊന്ന് കത്തിയമര്‍ന്നു. ഭയാനക ശബ്ദത്തോടെ തുടര്‍ സ്‌ഫോടനങ്ങള്‍. ഞൊടിയിട കൊണ്ട് കാറച്ചി തുറമുഖം കത്തിയമര്‍ന്നു. അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യന്‍ നാവികസേനയുടെ ദീപാവലി ആഘോഷം. അടുത്ത നിമിഷം തന്നെ റേഡിയോ സിഗ്നലുകള്‍ പാഞ്ഞു. അങ്കാര്‍ ....ഓപ്പറേഷന്‍ സക്‌സസ്. 

പാകിസ്ഥാനില്‍ ചെന്ന് അവിടം പൂര്‍ണ്ണമായി നശിപ്പിച്ച് ഇന്ത്യന്‍ പട. ഒരു പോറല്‍ പോലും പറ്റാതെ ഇന്ത്യന്‍ സൈന്യം തിരികെ വന്നൂ. ചുരുക്കി പറഞ്ഞാല്‍ സമ്പൂര്‍ണ്ണ കര, വ്യോമ, നാവിക ആധിപത്യം ഇന്ത്യ പാകിസ്ഥാനു മേല്‍ സ്ഥാപിച്ചു.

മുഖ്യ സൈനിക താവളം തകര്‍ന്നു തരിപ്പണമായതോടെ കര വ്യോമ നാവിക മേഖലകളില്‍ ദിവസങ്ങള്‍ക്കകം പാക്കിസ്ഥാന്‍ പരാജയത്തിന്റെ കയ്പുനീര്‍ കുടിച്ചു. ഇന്ധനങ്ങളും, ഭക്ഷ്യവസ്തുക്കളും, ആയുധങ്ങളും ഇല്ലാതായി. പരാജയം സമ്മതിക്കുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവും പാകിസ്ഥാനു മുന്നിലുണ്ടായിരുന്നില്ല. 

1971ഡിസംബര്‍ 16 ഇന് പതിമൂന്നു ദിവസത്തെ യുദ്ധത്തിന് ശേഷം പാക്കിസ്ഥാന്‍ സൈന്യം ഇന്ത്യന്‍ സൈന്യത്തിന് മുന്നില്‍ നിരുപാധികം ആയുധം വച്ച് കീഴടങ്ങി. ബംഗ്ലാദേശ് പാകിസ്ഥാന്റെ കാട്ടാള ഭരണത്തില്‍നിന്നു രക്ഷപെട്ടു സ്വതന്ത്ര രാജ്യമായി. കിഴക്കന്‍ പാകിസ്താനിലെ പാക് സൈനിക മേധാവി എ കെ നിയസി യാണ് ഇന്ത്യന്‍ ലഫ്റ്റനന്റ് ജനറല്‍ ജെ സ് അറോറയ്ക്കു മുന്‍പില്‍ കീഴടങ്ങല്‍ രേഖകള്‍ ഒപ്പുവച്ചു നിരുപാധികം കീഴടങ്ങിയത്.

അന്നു ഇന്ത്യന്‍ സൈന്യത്തിനു മുന്നില്‍ ആയുധം വെച്ചു കീഴടങ്ങിയത് 93000ത്തോടടുത്ത് പാക് സൈനികരായിരുന്നു. യുദ്ധതടവുകാരായ ഇവരോട് ഇന്ത്യ കാണിച്ച ഉദാരത ലോകരാജ്യങ്ങളെപ്പോലും അമ്പരപ്പിച്ചു. രണ്ടാം ലോകമഹായുദ്ധാനന്തരം യുദ്ധതടവുകാരായി പിടികൂടിയ സൈനികരെ നിഷ്‌കരുണം കൊന്നുതള്ളിയ ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ ഇന്ത്യ മനുഷ്യത്വത്തിന്റെ പ്രതീകമായി. ബംഗ്ലാദേശിലെ ലക്ഷക്കണക്കിനു സാധാരണക്കാരെ നിഷ്‌കരുണം കൊലചെയ്തും, സ്ത്രീകളെ ബലാല്‍സംഗം ചെയ്തും കാട്ടാള നീതി നടപ്പാക്കിയ പാക് സൈനികരോടാണ് ഇന്ത്യ ഈ മനുഷ്യത്വം കാണിച്ചതെന്നതും എടുത്തു പറയേണ്ടതുണ്ട്.

യുദ്ധാനന്തരം കിഴക്കന്‍ പാകിസ്ഥാന്‍ ബംഗ്ലാദേശായി. പുതിയൊരു രാഷ്ട്രമായി. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാവിക ഓപ്പറേഷന്‍ എന്നെന്നും ഓര്‍മ്മിക്കപ്പെടാന്‍ നാവിക സേന ഡിസംബര്‍ 4 നാവികസേന ദിനമായി ആചരിച്ചു തുടങ്ങി.

അമേരിക്കയും, ചൈനയുമുള്‍പ്പടെയുള്ള ശക്തികളുടെ പിന്തുണയുണ്ടായിരുന്ന ഒരു രാഷ്ട്രത്തെ ഒറ്റ രാത്രികൊണ്ട് തകര്‍ത്ത് തരിപ്പണമാക്കിയ ഇന്ത്യന്‍ നാവിക സേന ഇന്ന് ലോകത്തെ ഏറ്റവും വലിയ ഏഴാമത്തെ നാവിക സേനയാണ്.