വീണ്ടും മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ

വീണ്ടും മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ

പ്യോംങ്‍യാന്‍: ആണവനിരായുധീകരണവുമായി ബന്ധപ്പെട്ട് അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ എങ്ങുമെത്താതെ പിരിഞ്ഞ് മാസങ്ങള്‍ പിന്നിടുമ്പോള്‍ വീണ്ടും മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ. സമുദ്രത്തില്‍ നിന്ന് വിക്ഷേപിക്കാവുന്ന പുകുക്സോങ് 3 മിസൈലാണ് ഉത്തരകൊറിയ പരീക്ഷിച്ചത്. ഇതിന് ആണവായുധം വഹിക്കാനുള്ള ശേഷിയുണ്ടെന്നും ഉത്തരകൊറിയ വ്യക്തമാക്കിയിട്ടുണ്ട്.

ബുധനാഴ്ച, വൊന്‍സാനില്‍ നിന്ന് മാറി 17 കിലോമീറ്റര്‍ അകലെയാണ് പരീക്ഷണം നടത്തിയത്. മുങ്ങിക്കപ്പലുകളില്‍ നിന്ന് വിക്ഷേപിക്കാവുന്നവയാണ് പുകുക്സോങ് 3. ഇതുവഴി രാജ്യാതിര്‍ത്തി കടന്നുള്ള ആക്രമണത്തിന് സജ്ജമാണെന്ന് കൂടിയാണ് ഉത്തരകൊറിയ സൂചിപ്പിക്കുന്നത്.

ദക്ഷിണകൊറിയയില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം മിസൈല്‍ 450 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചിട്ടുണ്ട്.910 കിലോമീറ്റര്‍ ഉയരത്തിലെത്തിയതിന് ശേഷം മിസൈല്‍ ജപ്പാന്‍ കടലില്‍ പതിക്കുകയായിരുന്നു. രാജ്യാന്തര സ്പേഷ് സ്റ്റേഷനേക്കാള്‍ ഉയരത്തിലാണ് മിസൈല്‍ പറന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം രാജ്യം പ്രത്യേക സാമ്പത്തികമേഖലയായി പ്രഖ്യാപിച്ച ഭാഗത്താണ് മിസൈല്‍ വീണതെന്ന് ജപ്പാനും റിപ്പോര്‍ട്ട് ചെയ്യുന്നു. പരീക്ഷണ വിജയമായി എന്നറിയിക്കുന്നതിനോടൊപ്പം പുറത്തുനിന്നുള്ള ഭീഷണി ചെറുക്കാനും സ്വയം രക്ഷക്കുള്ളതുമാണെന്നാണ് ഉത്തരകൊറിയ മിസൈലിനെ വിശേഷിപ്പിച്ചത്.