വിമാനമിറങ്ങിയാലുടന്‍ നവാസ് ഷെരീഫിനെ അറസ്റ്റ് ചെയ്യുമെന്ന് പാകിസ്ഥാന്‍

വിമാനമിറങ്ങിയാലുടന്‍ നവാസ് ഷെരീഫിനെ അറസ്റ്റ് ചെയ്യുമെന്ന് പാകിസ്ഥാന്‍

ലഹോര്‍: വെള്ളിയാഴ്‌ച ലാഹോറില്‍ വിമാനമിറങ്ങിയാലുടന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അറസ്റ്റ് ചെയ്യുമെന്ന് പാകിസ്ഥാന്‍. പനാരമ അഴിമതി കേസുമായി ബന്ധപ്പെട്ട് നവാസ് ഷെരീഫിനും മകള്‍ക്കും തടവും വന്‍തുക പിഴയും അഴിമതി വിരുദ്ധ കോടതി ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ അപ്പീല്‍ നല്‍കാനാണ് ഷെരീഫ് നാളെ ലാഹോറില്‍ എത്തുന്നത്.

10 വര്‍ഷം തടവും 80 ലക്ഷം പൗണ്ട് (ഏകദേശം 73.07 കോടി രൂപ) പിഴയുമാണ് ഷെരീഫിന് കോടതി വിധിച്ചത്. കൂട്ടുപ്രതികളായ മകള്‍ മറിയം ഏഴു വര്‍ഷവും മരുമകന്‍ ക്യാപ്‌ടന്‍ മുഹമ്മദ് സഫ്ദര്‍ ഒരു വര്‍ഷവും തടവുശിക്ഷ അനുഭവിക്കണം. മറിയത്തിന് 20 ലക്ഷം പൗണ്ട് (ഏകദേശം 18.26 കോടി രൂപ) പിഴയും വിധിച്ചിട്ടുണ്ട്. പാകിസ്ഥാനില്‍ 25ന് പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വന്‍ രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന കോടതി വിധി വന്നത്. 

എന്നാല്‍ വിമാനത്താവളത്തില്‍ നിന്നും പുറത്തു കടക്കാന്‍ ഒരുകാരണവശാലും ഷെരീഫിനെ അനുവദിക്കില്ലെന്ന് സെയ്‌ദ് അലി സഹര്‍ വ്യക്തമാക്കി. നിലവില്‍ നവാസ് ഷെരീഫും കുടുംബാംഗങ്ങളും ലണ്ടനിലാണുള്ളത്.