പാനമ അഴിമതിക്കേസ് : ഷെരീഫിനെതിരെ  അഴിമതി വിരുദ്ധ കോടതി കുറ്റം ചുമത്തി

 പാനമ അഴിമതിക്കേസ് : ഷെരീഫിനെതിരെ  അഴിമതി വിരുദ്ധ കോടതി കുറ്റം ചുമത്തി

ഇസ്ലാമാബാദ്: പാനമ അഴിമതിക്കേസിൽ പ്രധാനമന്ത്രിസ്ഥാനം നഷ്ടപ്പെട്ട നവാസ് ഷെരീഫിനെതിരെ  അഴിമതി വിരുദ്ധ കോടതി കുറ്റം ചുമത്തി. ഷെരീഫിന്റെ മകള്‍ മറിയം, മരുമകന്‍ സഫ്ദര്‍ എന്നിവര്‍ക്കെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്. ലണ്ടനിലെ ആഡംബര ഫ്‌ളാറ്റുകളുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട കേസിലാണ് കോടതി നടപടി.പാക്​ മുൻ പ്രധാനമന്ത്രിക്ക്​ ജയി​ലിലേക്ക്​ വഴി തുറക്കുന്നതാണ്​ പുതുതായി ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.

സഫ്ദറും മറിയവും കോടതിയില്‍ നേരിട്ടു ഹാജരായെങ്കിലും ഷെരീഫിനുവേണ്ടി അഭിഭാഷകനാണ് ഹാജരായത്. അസുഖബാധിതയായ ഭാര്യയെ കാണാന്‍ ബ്രിട്ടനിലേക്ക് പോകുന്നതിനാലാണ് ഷെരീഫിനുവേണ്ടി അഭിഭാഷകന്‍ മാത്രം ഹാജരായത്.

അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂലായില്‍ പാക് സുപ്രീം കോടതി ഷെരീഫിനെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയിരുന്നു. ഷെരീഫിന്റെയും കുടുംബാംഗങ്ങളുടെയും സ്വത്തിന്മേല്‍ അന്വേഷണം നടത്താന്‍ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഷെരീഫിനും കുടുംബാംഗങ്ങള്‍ക്കും ലണ്ടനില്‍ ആഡംബര ഫ്‌ളാറ്റുകളും സ്വത്തുക്കളുമുണ്ടെന്ന വിവരം പനാമ രേഖകളിലൂടെയാണ് പുറത്തെത്തിയത്.