മ്യാന്മറില്‍ നടക്കുന്നത് കൂട്ടക്കുരുതി ഇത്  അംഗീകരികില്ല : സൈനിക നടപടി ഉടന്‍ നിര്‍ത്തിവെയ്ക്കണമെന്ന്  മ്യാന്മറിനോട് യുഎന്‍

മ്യാന്മറില്‍ നടക്കുന്നത് കൂട്ടക്കുരുതി ഇത്  അംഗീകരികില്ല : സൈനിക നടപടി ഉടന്‍ നിര്‍ത്തിവെയ്ക്കണമെന്ന്  മ്യാന്മറിനോട് യുഎന്‍

ജനീവ : റോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍ക്കെതിരായ സൈനീക നടപടി ഉടന്‍ നിര്‍ത്തിവെയ്ക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്സ് മ്യാന്മറിനോട് ആവശ്യപ്പെട്ടു. മ്യാന്മറില്‍ നടക്കുന്നത് കൂട്ടക്കുരുതിയാണ്. ഇത് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും ഗുട്ടെറസ്സ് അഭിപ്രായപ്പെട്ടു. 15 അംഗ യുഎന്‍ സുരക്ഷാസമിതിയുടെ യോഗശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.


റോഹിങ്ക്യ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ യുഎന്‍ രക്ഷാസമിതി യോഗം ചേരണമെന്ന് സ്വീഡനും ബ്രിട്ടനും ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ചാണ് രണ്ടാം തവണയും വിഷയം ചര്‍ച്ച ചെയ്യാന്‍ യോഗം ചേര്‍ന്നത്. റോഹിങ്ക്യന്‍ പ്രശ്‌നത്തില്‍ യോഗം ഉത്കണ്ഠ പ്രകടിപ്പിച്ചു. രോഹിങ്ക്യകള്‍ക്ക് സഹായമെത്തിക്കാന്‍ രാഷ്ട്രീയം മറന്ന് സഹകരിക്കണമെന്ന് ഐക്യരാഷ്ട്ര സഭ രാജ്യാന്തര സമൂഹത്തോട് അഭ്യര്‍ഥിച്ചു.


അതേസമയം സെപ്തംബര്‍ 20 ന് നടക്കുന്ന ഐക്യരാഷ്ട്ര പൊതുസഭാ സമ്മേളനത്തില്‍ മ്യാന്‍മര്‍ ദേശീയ നേതാവ് ആങ് സാന്‍ സൂകി പങ്കെടുക്കില്ല. ആങ് സാന്‍ സൂകിയുടെ ഓഫീസാണ് ഇക്കാര്യം വ്യക്തമാക്കിയത്.  ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് യു എന്‍ പൊതു സമ്മേളനത്തില്‍ പങ്കെടുക്കാത്തത് എന്നാണ് സൂകിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം.

അതിനിടെ, രോഹിങ്ക്യകളെ പിന്തുണച്ച് ഭീകര സംഘടനയായ അല്‍ഖ്വയ്ദ രംഗത്തെത്തി. റോഹിങ്ക്യകളെ രക്ഷിക്കാന്‍ വിശുദ്ധയുദ്ധത്തിന് തയ്യാറാകാന്‍ ഭീകരസംഘടന ആഹ്വാനം ചെയ്തു. രോഹിങ്ക്യകളെ ദുരിതത്തിലാഴ്ത്തിയവര്‍ക്ക് അര്‍ഹമായ ‘ശിക്ഷ’ നല്‍കുമെന്നും അല്‍ഖ്വയ്ദ നേതൃത്വം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പോരാടാന്‍ ആവശ്യമായ ആയുധവും സൈനിക പിന്തുണയും നല്‍കുമെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.

കഴിഞ്ഞ മാസം 25നുശേഷം നാലു ലക്ഷത്തോളം രോഹിങ്ക്യ മുസ്‌ലിങ്ങളാണ് മ്യാന്‍മര്‍ വിട്ടതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അഭയാര്‍ഥികളുടെ സ്ഥിതി സംബന്ധിച്ചു ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ ഹൃദയഭേദകമാണെന്ന് യുഎന്‍ സെക്രട്ടറി ജനറലിന്റെ വക്താവ് സ്‌റ്റെഫാന്‍ ദുജാറിക് പറഞ്ഞു. കഴിഞ്ഞ ദിവസം യു എന്‍ പുറത്ത് വിട്ട കണക്ക് പ്രകാരം 3,70000 റോഹിങ്ക്യന്‍ മുസ്‌ലിങ്ങളാണ് ആഗസ്റ്റ് 25 ശേഷം മാത്രം മ്യാന്മറിലെ റാഖിന്‍ പ്രവിശ്യയില്‍ നിന്ന് അഫ്ഗാനിസ്ഥാനിലേക്കെത്തിയത്.