അതിർത്തി വഴി യുഎസിലേക്കുള്ള അഭയാർത്ഥി പ്രവാഹത്തിൽ 56 ശതമാനം കുറവ് വന്നതായി മെക്സികോ

അതിർത്തി വഴി യുഎസിലേക്കുള്ള അഭയാർത്ഥി പ്രവാഹത്തിൽ 56 ശതമാനം കുറവ് വന്നതായി മെക്സികോ

മെക്സികോ: അതിർത്തി വഴി യുഎസിലേക്കുള്ള അഭയാർത്ഥി പ്രവാഹത്തിൽ വലിയ കുറവ് വന്നതായി മെക്സികോ. മെക്സിക്കന്‍ വിദേശ കാര്യ സെക്രട്ടറി മാർക്കെലോ എബ്രാഡാണ് അഭയാർത്ഥികളുടെ കുടിയേറ്റത്തിൽ വലിയ കുറവ് വന്നതായി പ്രതികരിച്ചത്. സര്‍ക്കാറിന് വേണ്ടി നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇക്കഴിഞ്ഞ മെയ് മാസത്തിന് ശേഷം രേഖകളില്ലാതെ അതിർത്തി കടക്കുന്ന അഭയാർത്ഥികളുടെ എണ്ണത്തിൽ 56 ശതമാനം കുറവ് വന്നതായാണ് ചൂണ്ടിക്കാട്ടുന്നത്.

അഭയാർത്ഥി പ്രവാഹം തടയുന്നതിന് നടപടികൾ സ്വീകരിക്കുന്നതിന് കഴിഞ്ഞ ജൂണിലാണ് യുഎസും മെക്സികോയും തമ്മിൽ ധാരണയായിരുന്നു. അഭയാർത്ഥി വിഷയത്തിൽ ഇടപെട്ടില്ലെങ്കിൽ മെക്സിക്കോയുടെ ഇറക്കുമതിക്ക് മേൽ വലിയ തോതിൽ താരിഫ് വർദ്ധിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മെക്സികോ നടപടികൾ കർശനമാക്കിയത്.അതേസമയം, മെക്സിക്കന്‍ വിദേശ കാര്യ സെക്രട്ടറി മാർക്കെലോ എബ്രാഡ് ഉൾപ്പെടെയുള്ള സംഘം യുഎസ് സന്ദർശിക്കാൻ ഒരുങ്ങുകയാണ്. അഭയാര്‍ത്ഥി വിഷയത്തിൽ തങ്ങൾ സ്വീകരിച്ച നടപടികൾ വിശദ്ധീകരിക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

മധ്യ അമേരിക്കയിൽ നിന്നും യുഎസിലേക്കുള്ള കുടിയേറ്റ പ്രവാഹം കുറയ്ക്കുന്നതിന് മെക്സിക്കോയുമായി യുഎസ് 90 ദിവസത്തെ കരാറുണ്ടാക്കിയതായി ജൂണിൽ ട്രംപ് പ്രഖ്യാപിച്ചത്. ക്രമരഹിതമായ കുടിയേറ്റവും മനുഷ്യക്കടത്തും തടയുന്നതിന് “സാധ്യമായ നടപടികൾ” സ്വീകരിക്കാൻ മെക്സിക്കോ സമ്മതിച്ചതായി സംയുക്ത പ്രഖ്യാപനത്തിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു. അടുത്ത ഉഭയകക്ഷി സഹകരണം, സൈനിക സഹകരണം തുടങ്ങിയവയും ഈ ഇടപാടിൽ ഉൾപ്പെട്ടിരുന്നു.