പാക്ക് ഭീകരർ ഇന്ത്യയിൽ ആക്രമണം അഴിച്ചുവിട്ടേക്കും;  ലോക രാഷ്ട്രങ്ങൾക്കിടയിൽ കടുത്ത ആശങ്കയുണ്ടെന്നു യുഎസ്

പാക്ക് ഭീകരർ ഇന്ത്യയിൽ ആക്രമണം അഴിച്ചുവിട്ടേക്കും;  ലോക രാഷ്ട്രങ്ങൾക്കിടയിൽ കടുത്ത ആശങ്കയുണ്ടെന്നു യുഎസ്

വാഷിങ്ടൻ: പാക്ക് ഭീകരർ ഇന്ത്യയിൽ ആക്രമണം അഴിച്ചുവിട്ടേക്കുമെന്നു ലോക രാഷ്ട്രങ്ങൾക്കിടയിൽ കടുത്ത ആശങ്കയുണ്ടെന്നു യുഎസ്. ജമ്മു കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ പശ്ചാത്തലത്തിലാണു ഭീകരാക്രമണത്തിനു സാധ്യത തെളിഞ്ഞതെന്നു യുഎസ് പ്രതിരോധ വകുപ്പിന്റെ ഏഷ്യ പോളിസി വിഭാഗം തലവൻ റാൻഡൽ ഷ്രിവർ പറഞ്ഞു. കശ്മീർ വിഷയത്തിൽ പാക്കിസ്ഥാനു ചൈന നൽകിയതു രാഷ്ട്രീയവും നയതന്ത്രപരവുമായ പിന്തുണയാണ്. കശ്മീരിന്റെ പേരിൽ രക്തച്ചൊരിച്ചിലിനു ചൈന ആഗ്രഹിക്കുന്നില്ലെന്നാണു വിശ്വാസമെന്നും ഷ്രിവർ മാധ്യമ പ്രവർത്തകരോടു പറഞ്ഞു.

കശ്മീരിൽ സംഘർഷം വിതയ്ക്കണമെന്നു ചൈന ആഗ്രഹിക്കുന്നില്ല. ഇത്തരം ആക്രമണങ്ങളെ ചൈന പിന്തുണയ്ക്കുന്നുമെന്നു വിശ്വസിക്കുന്നുമില്ല. ചൈന പല രാജ്യാന്തര വേദികളിലും പാക്കിസ്ഥാന് അനുകൂലമായി വിഷയത്തിൽ സംസാരിച്ചിട്ടുണ്ട്. ചൈനയുടെ പൂര്‍ണ പിന്തുണ അവകാശപ്പെട്ടു പാക്കിസ്ഥാന്‍ രംഗത്തെത്തിയെങ്കിലും ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാസമിതിയില്‍ രാജ്യാന്തര പിന്തുണ നേടാൻ കഴിഞ്ഞില്ല. പാക്കിസ്ഥാനുമായി ചൈനയ്ക്കു ദീർഘകാലങ്ങളായുള്ള ബന്ധമാണ്. ചൈന ഇന്ത്യയുമായി പലകാര്യങ്ങളിലും മത്സര സ്വഭാവം പിന്തുടരുന്ന രാജ്യമാണ്.</p>

വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുടെ യുഎസ് പര്യടന വേളയിൽ ഇത്തരം കാര്യങ്ങൾ ചർച്ചയായി. ചൈനയുമായി ഇന്ത്യ ശത്രുത ആഗ്രഹിക്കുന്നില്ലെന്നും ഷ്രിവർ അഭിപ്രായപ്പെട്ടു. ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭാ സമ്മേളനത്തിൽ കശ്മീർ പ്രശ്നം ചൈന പരാമർശിച്ചുവെങ്കിലും ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും മറ്റുരാജ്യങ്ങൾ ഇന്ത്യയുടെ പരമാധികാരത്തെയും ആഭ്യന്തര അധികാരത്തെയും അംഗീകരിക്കുമെന്നാണു പ്രതീക്ഷയെന്നായിരുന്നു ഇന്ത്യൻ മറുപടി. കശ്മീരിലെ ഇന്ത്യൻ നടപടി രാജ്യാന്തര ഉടമ്പടികള്‍ക്കു വിരുദ്ധമാണെന്ന പാക്ക് നിലപാട് അംഗീകരിച്ചു രംഗത്തുവന്നതു ചൈന മാത്രമായിരുന്നു.