വിമാനം പറത്തുന്നതിനിടെ പരിശീലകന്‍ ബോധരഹിതനായി; അതിസാഹസികമായി വിമാനം നിലത്തിറക്കി ട്രെയിനി പൈലറ്റ്

വിമാനം പറത്തുന്നതിനിടെ പരിശീലകന്‍ ബോധരഹിതനായി; അതിസാഹസികമായി വിമാനം നിലത്തിറക്കി ട്രെയിനി പൈലറ്റ്

സിഡ്നി: വിമാനം പറത്തുന്നതിനിടെ പരിശീലകന്‍ ബോധരഹിതനായി. ട്രെയിനി പൈലറ്റിന്‍റെ സമയോചിതമായ ഇടപെടലിലൂടെ ഒഴിവായത് വന്‍ അപകടം. മാക്സ് സില്‍വസ്റ്റര്‍ എന്ന ട്രെയിനി പൈലറ്റ് അതിസാഹസികമായി വിമാനം നിലത്തിറക്കുകയായിരുന്നു.  6,200 അടി മുകളില്‍ വിമാനം എത്തിയപ്പോഴാണ് പരിശീലകന്‍ ബോധരഹിതനായി മാക്സ് സില്‍വസ്റ്ററിന്‍റെ തോളിലേക്ക് വീണത്. തുടര്‍ന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളറെ വിവരമറിയിച്ച ശേഷം ട്രെയിനി പൈലറ്റ് വിമാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. രണ്ട് സീറ്റ് മാത്രമുണ്ടായിരുന്ന വിമാനം മാക്സ് സുരക്ഷിതമായി നിലത്തിറക്കി.

ഇതിന് മുമ്പ് ഒരിക്കല്‍ പോലും വിമാനം ലാന്‍ഡ് ചെയ്യിച്ചിട്ടില്ലെന്നും ഇത് ആദ്യത്തെ അനുഭവമാണെന്നും മാക്സ് സില്‍വസ്റ്റര്‍ പറഞ്ഞതായി എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മാക്സ് സില്‍വസ്റ്ററിന്‍റെ ഭാര്യയും മൂന്ന് മക്കളും അദ്ദേഹം വിമാനം പറത്തുന്നത് കാണാന്‍ എത്തിയിരുന്നു. വിമാനം പറന്ന് 20 മിനിറ്റിന് ശേഷമാണ് പരിശീലകന്‍ ബോധരഹിതനായത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പരിശീലകന് ഇപ്പോള്‍ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് എയര്‍ ഓസ്ട്രേലിയ അറിയിച്ചു.