കുടിയേറ്റ നിയമങ്ങളിൽ വീണ്ടും മാറ്റം വരുത്തി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

കുടിയേറ്റ നിയമങ്ങളിൽ വീണ്ടും മാറ്റം വരുത്തി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

വാഷിംഗ്‌ടൺ: കുടിയേറ്റ നിയമങ്ങളിൽ വീണ്ടും മാറ്റം വരുത്തി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിയമപരമായി കുടിയേറിയ ദരിദ്രര്‍ക്ക് അവരുടെ വിസാ കാലാവധി നീട്ടുന്നതിനോ സ്ഥിരമായ താമസം (ഗ്രീൻ കാർഡ്) ഉറപ്പുവരുത്തുന്നതിനോ ഇനി കൂടുതല്‍ ബുദ്ധിമുട്ടാകും. ഒരു വർഷത്തിലേറെയായി ഭക്ഷ്യസഹായം അല്ലെങ്കിൽ പൊതുഭവന നിർമ്മാണ സഹായം പോലുള്ള ആനുകൂല്യങ്ങളെ ആശ്രയിക്കുന്ന കുടിയേറ്റക്കാരെയാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്.

ഭാവിയിൽ ഗവണ്‍മെന്റ്‌ സഹായത്തെ ആശ്രയിക്കാൻ സാധ്യതയുണ്ടെന്ന് ഗവണ്‍മെന്റിന്‌
തോന്നിയാല്‍ അത്തരക്കാരുടെ അപേക്ഷകൾ നിരസിക്കപ്പെടും. ജനങ്ങളെ ‘സ്വയം പര്യാപ്തമാക്കാനാണ്’ ഈ നടപടിയെന്ന് അധികൃതര്‍ പറയുന്നു. ‘പബ്ലിക് ചാർജ് റൂൾ’ എന്നറിയപ്പെടുന്ന പുതിയ നിയന്ത്രണം തിങ്കളാഴ്ച ഫെഡറൽ രജിസ്റ്ററിൽ പ്രസിദ്ധീകരിച്ചു, ഒക്ടോബർ 15 മുതൽ അത് പ്രാബല്യത്തിൽ വരും.

യുഎസിൽ ഇതിനകം സ്ഥിര താമസക്കാരായ കുടിയേറ്റക്കാരെ പുതിയ ചട്ടം ബാധിക്കാൻ സാധ്യതയില്ല. യുഎസിലേക്കു കടക്കാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്ന അഭയാര്‍ത്ഥികളേയും ബാധിച്ചേക്കില്ല. എന്നാൽ വിസാ കാലാവധിയോ ഗ്രീന്‍ കാര്‍ഡോ പുതുക്കാന്‍ ആക്രഹിക്കുന്നവര്‍ക്ക് ഈ തീരുമാനം കനത്ത തിരിച്ചടിയാകും. വരുമാന മാനദണ്ഡങ്ങൾ പാലിക്കാത്തവരോ, ഭാവിയില്‍ സര്‍ക്കാറിന്‍റെ ആരോഗ്യ – ഭവന സഹായങ്ങള്‍ ആവശ്യമായി വന്നേക്കാവുന്നരോ ആണെങ്കില്‍ അവരെ രാജ്യത്ത് നിന്നും പുറത്താക്കാനാണ് നിയമം ലക്ഷ്യംവെക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ യുഎസിലേക്ക് നിയമപരമായി കുടിയേറിയ 22 ദശലക്ഷം ആളുകളെ അത് ബാധിക്കുമെന്ന് കണക്കാക്കപ്പെടുന്നു.

ഈ നടപടി താഴ്ന്ന വരുമാനക്കാരായ കുടിയേറ്റക്കാരെ അന്യായമായി ലക്ഷ്യമിടുന്നതായി പൗരാവകാശ സംഘടനകൾ പറഞ്ഞു. നിയന്ത്രണം പ്രാബല്യത്തിൽ വരുന്നത് തടയാൻ ട്രംപ് ഭരണകൂടത്തിനെതിരെ കേസെടുക്കുമെന്ന് ദേശീയ ഇമിഗ്രേഷൻ ലോ സെന്റർ (എൻ‌എൽ‌സി) അറിയിച്ചു. എന്നാല്‍ നിയമത്തെ ന്യായീകരിച്ചുകൊണ്ട് വൈറ്റ്‌ഹൌസ്‌ രംഗത്തെത്തുകയും ചെയ്തു.