ആഗോള സാമ്പത്തിക മാന്ദ്യം; വളര്‍ന്നുവരുന്ന സാമ്പത്തിക ശക്തികള്‍ക്ക് കനത്ത ആഘാതമുണ്ടാക്കും

ആഗോള സാമ്പത്തിക മാന്ദ്യം; വളര്‍ന്നുവരുന്ന സാമ്പത്തിക ശക്തികള്‍ക്ക് കനത്ത ആഘാതമുണ്ടാക്കും

വാഷിങ്ടണ്‍: ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയടക്കമുള്ള വളര്‍ന്നുവരുന്ന സാമ്പത്തിക ശക്തികള്‍ക്ക് കനത്ത ആഘാതമുണ്ടാക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി മേധാവി ക്രിസ്റ്റലീന ജോര്‍ജിവ. ആഗോള സാമ്പത്തിക മാന്ദ്യത്തിന് കാരണമായി പ്രധാനമായും ഇവര്‍ കുറ്റപ്പെടുത്തുന്നത് അമേരിക്ക- ചൈന വ്യാപാര യുദ്ധത്തിനേയാണ്. വ്യാപാര യുദ്ധം എല്ലാവര്‍ക്കും നഷ്ടങ്ങള്‍ മാത്രമേ വരുത്തിവെക്കുവെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

വ്യാപാര യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയില്‍ 70,000 കോടി ഡോളറിന്റെ നഷ്ടമാണ് വരുന്ന വര്‍ഷം ഉണ്ടാക്കുകയെന്നും ആഗോള ജി.ഡി.പിയുടെ 0.8 ശതമാനം വരും ഇതെന്നും അവര്‍ പറഞ്ഞു. വ്യാപാര യുദ്ധം മാത്രമല്ല ആഗോള മാന്ദ്യത്തിന് കാരണമെങ്കിലും അതിന്റെ പ്രത്യാഘാതം വളരെനാള്‍ നീണ്ടുനില്‍ക്കുന്നതായിരിക്കുമെന്നും ക്രിസ്റ്റലീന ചൂണ്ടിക്കാണിച്ചു.

ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളെപ്പോലെയുള്ള വളര്‍ന്നുവരുന്ന വിപണികളെ വ്യാപാര യുദ്ധം കാര്യമായിബാധിക്കുമെന്നും അവര്‍ പറഞ്ഞു. അമേരിക്കയിലും ജര്‍മനിയിലും തൊഴിലില്ലായ്മ നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. എന്നിരുന്നാലും വന്‍ സമ്പദ് വ്യവസ്ഥകളില്‍, പ്രത്യേകിച്ച് അമേരിക്ക, ജപ്പാന്‍, യൂറോപ്പ് ഉള്‍പ്പെടെയുള്ള  ഇടങ്ങളില്‍ സമ്പദ് വ്യവസ്ഥ ദുര്‍ബലമാണ്. വളര്‍ന്നുവരുന്ന വലിയ വിപണികളായ ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ സാമ്പത്തിക മാന്ദ്യം പ്രകടമാണ്- അവര്‍ പറഞ്ഞു. 

ലോക സമ്പദ്‌വ്യസ്ഥ മാന്ദ്യത്തിന്റെ വക്കിലാണെന്നും ക്രിസ്റ്റലീന വ്യക്തമാക്കി. ആഗോള സാമ്പത്തിക വളര്‍ച്ച ഇത്തവണ 90 ശതമാനത്തോളം കുറയുമെന്നും അവര്‍ പറഞ്ഞു.