എത്യോപ്യയിൽ സൈനികത്തലവനെ സുരക്ഷാജീവനക്കാരൻ വെടിവെച്ചുകൊന്നു

എത്യോപ്യയിൽ സൈനികത്തലവനെ സുരക്ഷാജീവനക്കാരൻ വെടിവെച്ചുകൊന്നു

അഡ്ഡിസ് അബാഡ: എത്യോപ്യയിലെ സൈനികത്തലവൻ സീറെ മെകോനനെ സുരക്ഷാജീവനക്കാരൻ വെടിവെച്ചുകൊന്നു. അംഹാര പ്രവിശ്യയിൽ ഭരണഅട്ടിമറി ശ്രമം ഉണ്ടായതിന് പിന്നാലെയാണ് സൈനികത്തലവനെ സുരക്ഷാജീവനക്കാരൻ കൊലപ്പെടുത്തിയത്. അംഹാരയിലെ അട്ടിമറി ശ്രമത്തിനിടെ റീജിയണൽ പ്രസിഡന്‍റും ഉപദേഷ്ടാവും കൊല്ലപ്പെട്ടതായി പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു.

ശനിയാഴ്ച ഉച്ചയ്ക്കുശേഷം ഒരു ഉന്നതതലയോഗം നടക്കുന്നതിനിടെ അവിടേക്ക് എത്തിയ ചാവേർസംഘം വെടിയുതിർക്കുകയായിരുന്നു. ഈ ആക്രമണത്തിലാണ് റീജിയണൽ പ്രസിഡന്‍റും ഉപദേഷ്ടാവും കൊല്ലപ്പെട്ടത്. ഈ സംഭവത്തിനുശേഷം വൈകുന്നേരമാണ് സൈനികത്തലവൻ സീറെ മെകോനൻ വെടിയേറ്റ് മരിക്കുന്നത്. സുരക്ഷാജീവനക്കാരനാണ് വെടിയുതിർത്തത്. ഈ സമയം മെകോനനെ സന്ദർശിക്കാനെത്തിയ വിരമിച്ച സൈനിക ഉദ്യോഗസ്ഥനും വെടിയേറ്റുമരിച്ചു.

2018 ഏപ്രിലിൽ അബി അഹമ്മദ് അധികാരത്തിലെത്തിയതുമുതൽ എത്യോപ്യയിൽ ആഭ്യന്തര കലാപവും സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളും രൂക്ഷമായിരുന്നു. കലാപവും ആക്രമണശ്രമങ്ങളും തുടരുന്നതിനിടെയാണ് സൈനികത്തലവൻ കൊല്ലപ്പെട്ടത്.