പ്രവാസികൾക്കുള്ള  ഇ-മൈഗ്രേറ്റ്​ രജിസ്​ട്രേഷൻ നടപടികള്‍ മരവിപ്പിച്ചു

പ്രവാസികൾക്കുള്ള  ഇ-മൈഗ്രേറ്റ്​ രജിസ്​ട്രേഷൻ നടപടികള്‍ മരവിപ്പിച്ചു

അബുദാബി: ഇന്ത്യയില്‍ നിന്നും പതിനെട്ടോളം വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ 24 മണിക്കൂര്‍ മുമ്ബേ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യണമെന്നുള്ള നിയമം നടപ്പാക്കുന്നത് ഇന്ത്യൻ സർക്കാർ പിൻവലിച്ചു.

എമിഗ്രേഷൻ ക്ലിയറൻസ്​ ആവശ്യമില്ലാത്ത (ഇ.സി.എൻ.ആർ) പാസ്​പോർട്ട്​ ഉടമകൾക്കും രജിസ്​ട്രേഷൻ നിർബന്ധമാക്കി നവംബർ 14ന്​ പുറത്തിറക്കിയ സർക്കുലറാണ്​ റദ്ദാക്കിയത്​. ഇതു സംബന്ധിച്ച്​ ജനറൽ എമിഗ്രൻറ്​സ്​ ജോയൻറ്​ സെക്രട്ടറി ​െപ്രാട്ടക്​ടർ ജനറൽ വിവിധ രാജ്യങ്ങളിലെ എംബസികൾക്ക്​ പുതിയ സർക്കുലർ അയച്ചു.

സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, ഇന്തോനേഷ്യ, ഇറാഖ്, ജോർദാൻ, ലിബിയ, മലേഷ്യ, ലബനോൻ, അഫ്ഗാനിസ്ഥാൻ, സുഡാൻ, ദക്ഷിണ സുഡാൻ, സിറിയ, തായ്‌ലന്റ്, യെമൻ എന്നീ രാജ്യങ്ങളിലേക്ക് തൊഴിൽ വിസയിൽ പോകുന്നവർക്കാണ് രജിസ്‌ട്രേഷൻ നിർബന്ധമാക്കിയിരുന്നത്. 

ഈ രാജ്യങ്ങളിലേക്ക് ഇന്ത്യൻ വിദഗ്ധ, അവിദഗ്ധ തൊഴിലാളികൾക്ക് ജോലി തേടി യാത്ര ചെയ്യാൻ എമിഗ്രേഷൻ ക്ലിയറൻസ് (ഇ.സി.എൻ.ആർ) നേരത്തെതന്നെ ബാധകമാക്കിയതാണ്. വിദേശ രാജ്യങ്ങളിൽ മൂന്ന് വർഷം താമസിച്ചവർക്ക് ഇ.സി.എൻ.ആർ പാസ്‌പോർട്ട് ഇല്ലെങ്കിൽ പ്രസ്തുത പാസ്‌പോർട്ടിന് അപേക്ഷിക്കാൻ എംബസിയും പാസ്‌പോർട്ട് ഓഫീസുകളും സൗകര്യമേർപ്പെടുത്തിയിരുന്നു. ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിയമം കർശനമാക്കിയതോടെ ഈ രാജ്യങ്ങളിൽ ജോലിക്ക് പോകുന്ന എല്ലാവരും ഇ.സി.എൻ.ആർ പാസ്‌പോർട്ടുള്ളവരായി മാറി. ഇതിന് ശേഷമാണ് മന്ത്രാലയം വ്യക്തിഗത, തൊഴിൽ വിവരങ്ങൾ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

രജിസ്‌ട്രേഷന്‍ സംബന്ധമായി പ്രവാസികളില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് റജിസ്‌ട്രേഷന്‍ നടപടികള്‍ മരവിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ മിഷനുകളും രജിസ്‌ട്രേഷന്‍ കാര്യത്തില്‍ ഉണ്ടായ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചിരുന്നു. ‌അതേസമയം, താത്പര്യമുള്ള ആളുകള്‍ക്ക് രജിസ്‌ട്രേഷന്‍ നടത്താമെന്നു അധികൃതര്‍ പറഞ്ഞു.