വാടകക്കാരന്റെയും ഉടമയുടേയും വിവരങ്ങൾ ഇനി ആപ്പ് വഴി അറിയാം

വാടകക്കാരന്റെയും ഉടമയുടേയും വിവരങ്ങൾ ഇനി ആപ്പ് വഴി അറിയാം

 ദുബായ്:  കെട്ടിട ഉടമയ്ക്കും വാടകക്കാരനും പരസ്പരം ഇനിമുതൽ അറിയാം. ഫ്ളാറ്റുകൾ വാടകയ്ക്ക് എടുക്കുംമുൻപ്  പ്രശ്നക്കാരല്ലെന്ന് മനസ്സിലാക്കാൻ സഹായിക്കുന്ന പുതിയ സംവിധാനനാമാണ് ദുബായിൽ  നിലവിൽ വന്നത്.  വാടക തർക്ക പരിഹാരകേന്ദ്രമാണ് ‘റെന്റൽ ഗുഡ് കോൺഡക്ട്‌ സർട്ടിഫിക്കറ്റ്’ എന്ന പുതിയ സംരംഭം നടപ്പാക്കുന്നത്. റെന്റൽ ഡിസ്‌പ്യൂട്ട് സെന്ററിന്റെ ആപ്പ് ഫോണിൽ ഡൗൺലോഡ്  ചെയ്താൽ സേവനം ലഭിക്കും.
ഇത് വഴി റിയൽ എസ്റ്റേറ്റ് കമ്പനികൾക്ക് വാടകക്കാരന്റെ മുൻ വർഷങ്ങളിലെ താമസത്തിന്റെ വിവരങ്ങൾ ശേഖരിക്കാൻ കഴിയും. വാടകക്കാർക്ക്  കെട്ടിട ഉടമയെപ്പറ്റിയും റിയൽ എസ്റ്റേറ്റ് കമ്പനിയെക്കുറിച്ചും വിശദമായി അറിയാനും സാധിക്കും. 
വാടകക്കാർക്ക്  റെന്റൽ ഗുഡ് കോൺഡക്ട് സർട്ടിഫിക്കറ്റ് ലഭിക്കാൻ എമിറേറ്റ്‌സ് ഐഡി, ഫോൺ നമ്പർ, ഇ-മെയിൽ വിലാസം തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തണം. വാടക സംബന്ധിച്ച കേസുകൾ ഒന്നുമില്ലെങ്കിൽ ഉടൻതന്നെ സർട്ടിഫിക്കറ്റ് ഇ-മെയിൽ ആയി ലഭിക്കും.

വാടകക്കാർ വീട്ടുവാടകയുടെ തവണകൾ മുടക്കുകയും കരാർ കഴിയുമ്പോൾ പുതിയ വീടെടുക്കുകയും ചെയ്യുന്നതായി നിരവധി പരാതികളാണ് ലഭിക്കുന്നത്.വാടകസംബന്ധിച്ചുള്ള തർക്കങ്ങൾ ഒരുപരിധിവരെ ഇല്ലാതാക്കാൻ സേവനം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അബ്ദുൽ ഖാദർ മൗസ പറഞ്ഞു.