ചൈനയില്‍ കൊറോണ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടുന്നു;  പരിഭ്രാന്തരായി ജനം

ചൈനയില്‍ കൊറോണ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടുന്നു;  പരിഭ്രാന്തരായി ജനം

ബീജിങ്:  ചൈനയില്‍ കൊറോണ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടുന്നതോടെ പരിഭ്രാന്തരായി ജനം. രോഗലക്ഷണങ്ങള്‍ ഉള്ളവരെ ഒറ്റപ്പെടുത്തിയും വീടിനുള്ളില്‍ അടച്ചിട്ടും രോഗവ്യാപനം തടയാനാണ് ശ്രമം.  ആശുപത്രികള്‍ തിങ്ങിനിറഞ്ഞതോടെ സംഘര്‍ഷം പതിവാകുന്നു. ഐസൊലേഷന്‍ വാര്‍ഡുകളില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരുടെ എണ്ണവും കുറവല്ല. കൊറോണ ആദ്യം റിപ്പോര്‍ട്ട് ചെയ്ത വുഹാന്‍ ഉള്‍പ്പെടുന്ന ഹുബെ പ്രവശ്യയിലുള്ള ജനങ്ങളാകെ ഭീതിയിലാണ്. രോഗം തടയുന്നതിന് എന്ത് മാര്‍ഗവും സ്വീകരിക്കാനൊരുങ്ങി നില്‍ക്കുകയാണ് നാട്ടുകാര്‍. വീട്ടിലൊരാള്‍ക്ക് രോഗലക്ഷണം കണ്ടാല്‍ കുടുംബത്തിലുള്ളവരെ മുഴുവന്‍ വീടിനകത്തിട്ട് നാട്ടുകാര്‍ പൂട്ടിയിട്ടു തുടങ്ങി. വീടിന്റെ പുറത്തേക്കുള്ള വാതിലുകള്‍ തുറക്കാനാകാത്ത രീതിയില്‍ കെട്ടിയടയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

അകത്തുള്ളവര്‍ ഭക്ഷണം, മരുന്ന് എന്നിവ നിഷേധിക്കുന്ന ഈ സമീപത്തിനെതിരെ പ്രതിഷേധവും ശക്തമാണ്. ചികില്‍സയ്ക്കായി ആശുപത്രികളില്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടിവരുന്നത് പലപ്പോഴും സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്നു. രോഗലക്ഷണമുണ്ടെങ്കിലും ചികില്‍സ തേടാന്‍ വിസമ്മതിക്കുന്നവരുടെയും ഐസലേഷന്‍ വാര്‍ഡില്‍നിന്ന് ചാടിപ്പോകാന്‍ ശ്രമിക്കുന്നവരുടെയും എണ്ണവും കൂടുന്നു.

മാസ്ക് ഇല്ലാതെ വിഷമിച്ചിരിക്കുന്ന പൊലീസുകാര്‍ക്ക് ഒരു പെട്ടി മാസ്ക് എത്തിച്ചശേഷം പൊലീസ് സ്റ്റേഷനില്‍നിന്ന് ഇറങ്ങിയോടുന്ന യുവാവിന്‍റെ ദൃശ്യങ്ങളും വൈറലാകുന്നു. സല്യൂട്ട് നല്‍കിയാണ് പൊലീസുകാര്‍ യുവാവിന് നന്ദി അറിയിക്കുന്നത്. രോഗവ്യാപനം തടയാന്‍ സ്വീകരിക്കുന്ന നടപടികള്‍ ഫലംകാണുമെന്ന വിശ്വാസത്തിലാണ് അധികൃതര്‍.