ചൈനീസ് പ്രതിനിധി പ്യോങ്യാങ്ങിലെത്തി ഉത്തര കൊറിയയുമായി ചർച്ച നടത്തി

ചൈനീസ് പ്രതിനിധി പ്യോങ്യാങ്ങിലെത്തി ഉത്തര കൊറിയയുമായി ചർച്ച നടത്തി

ഷാങ്ഹായ്: ചൈനീസ് പ്രതിനിധി പ്യോങ്യാങ്ങിലെത്തി ഉത്തര കൊറിയയുമായി ചർച്ച നടത്തി. ആണവപരീക്ഷണങ്ങളുടെ പേരിൽ ലോകത്തിന്റെ എതിർപ്പേറ്റുവാങ്ങുന്ന സാഹചര്യത്തിലാണ് ഉത്തര കൊറിയയുമായി ചൈന ചര്‍ച്ച നടത്തുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ പ്രതിനിധി സോങ് ടാവോ കൊറിയൻ ഭരണ സംവിധാനത്തിൽ സുപ്രധാന സ്ഥാനത്തുള്ള ചോ റ്യോങ് ഹൈയുമാണു ചർച്ച നടത്തിയത്.

ഒരുവർഷത്തിനു ശേഷമാണു മുതിർന്ന ചൈനീസ് പ്രതിനിധി ഉത്തരകൊറിയയിലെത്തുന്നത്. തുടർച്ചയായ മിസൈൽ, ആണവ പരീക്ഷണങ്ങളുടെ പേരിൽ ചൈനയും സമീപകാലത്ത് ഉത്തരകൊറിയയോട് അതൃപ്തിയിലായിരുന്നു. കൊറിയയെ ചൈന കാര്യങ്ങൾ മനസ്സിലാക്കണം എന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടക്കമുള്ള ലോകനേതാക്കൾ ഏറെനാളായി ആവശ്യപ്പെടുന്നതാണ്. 

ഉത്തരകൊറിയയുടെ വിദേശ വ്യാപാരത്തിന്റെ 90 ശതമാനവും ചൈനയുമായാണ്. സാമ്പത്തികമായി ഉത്തര കൊറിയയ്ക്കുമേൽ സ്വാധീനം ചെലുത്താൻ കഴിവുള്ള ഏക രാജ്യവും ചൈന തന്നെ. തുടർച്ചയായ ആണവ, ആയുധ പരീക്ഷണങ്ങളുടെ പേരിൽ ചൈന ഉത്തരകൊറിയയ്ക്കുമേൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിനു പുറമേ യുഎൻ നിർദേശിച്ച നടപടികളും കൈക്കൊണ്ടിട്ടുണ്ട്.