ലോകത്തിന്‍റെ നെറുകയില്‍ ഇന്ത്യന്‍ സൗന്ദര്യം; ലോക സുന്ദരിപ്പട്ടം നേടി മാനുഷി ചില്ലര്‍

ലോകത്തിന്‍റെ നെറുകയില്‍ ഇന്ത്യന്‍ സൗന്ദര്യം; ലോക സുന്ദരിപ്പട്ടം നേടി മാനുഷി ചില്ലര്‍

ചൈന: ചൈനയിൽ നടന്ന മിസ് വേൾഡ് പോരാട്ടത്തിൽ ഇന്ത്യയിലേക്ക് ലോകസുന്ദരിപ്പട്ടം. പതിനേഴു വർഷത്തിനു ശേഷമാണ് ഇന്ത്യ നേട്ടം കൈവരിക്കുന്നത്. ഇന്ത്യയില്‍ നിന്നും മത്സരിച്ച മാനുഷി ചില്ലറാണ് ചൈനയിൽ നടന്ന മിസ് വേൾഡ് പോരാട്ടത്തിൽ 108 സുന്ദരിമാരെ പിന്തള്ളി ഒന്നാമതെത്തിയത്. മിസ് വേൾഡ് പട്ടം നേടുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി.

2000ത്തിൽ പ്രിയങ്ക ചോപ്രയാണ് ഇതിനു മുൻപ് ലോകസുന്ദരിപ്പട്ടം ഇന്ത്യയിലേക്കെത്തിച്ചത്. ഹരിയാന സ്വദേശിയായ മാനുഷി മെഡിക്കൽ വിദ്യാർഥിയാണ്. മത്സരത്തിൽ ‘ബ്യൂട്ടി വിത്ത് എ പർപ്പസ്’ ടൈറ്റിലും മാനുഷി സ്വന്തമാക്കിയിരുന്നു. ഹെഡ് ടു ഹെഡ് ചാലഞ്ചിലും ഈ ഇരുപതുകാരി സുന്ദരി വിജയം കണ്ടു. മിസ് ഇംഗ്ലണ്ട് സ്റ്റെഫാനി ഹിൽ ഫസ്റ്റ് റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടു. 

മിസ് മെക്സിക്കോ ആൻഡ്രിയ മിസയാണ് സെക്കൻഡ് റണ്ണറപ്പ്. ജൂണിൽ നടന്ന ഫെമിന മിസ് ഇന്ത്യയിൽ കിരീടം നേടിയാണ് ലോകസുന്ദരിപ്പട്ടത്തിനായി മാനുഷി യോഗ്യത നേടിയത്. കുടുംബാംഗങ്ങളെ ഉൾപ്പെടെ സാക്ഷിയാക്കിയായിരുന്നു മാനുഷിയുടെ കിരീടനേട്ടം.