ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും

ലണ്ടൻ: തെരേസ മേ രാജിവച്ചതിന് പിന്നാലെ ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും. കൺസർവേറ്റീവ് പാർട്ടി നേതാക്കളായ ലണ്ടൻ മുൻ മേയർ ബോറിസ് ജോൺസണും വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടും തമ്മിലാണ് മത്സരം. തെരഞ്ഞെടുപ്പിൽ വിജയിക്കുന്നയാൾ നാളെ ബ്രിട്ടന്റെ പ്രധാനമന്ത്രിയായി ചുമതലയേൽക്കും.

പ്രധാനമന്ത്രിയാകാൻ സാധ്യത കൽപ്പിക്കപ്പെടുന്ന കടുത്ത വലതുപക്ഷക്കാരനായ ബോറിസ് ജോൺസണോട് സ്വന്തം പാർട്ടിയിൽ നിന്നു തന്നെ എതിർപ്പുകളുണ്ട്. പ്രതിപക്ഷവും ഇടഞ്ഞാണ് നിൽക്കുന്നത്. അതേസമയം, പുതിയ പ്രധാനമന്ത്രി ചുമതലയേൽക്കുന്നതിന്റെ പിറ്റേന്ന് അവിശ്വാസപ്രമേയം അവതരിപ്പിക്കാനൊരുങ്ങുകയാണ് ലേബർ പാർട്ടി. എന്നാല്‍ കൺസർവേറ്റീവ് പാർട്ടിയിലെ ചുരുക്കം പേർ വിചാരിച്ചാൽ മാത്രം പ്രമേയം പരാജയപ്പെടും.

14 ദിവസത്തിനകം വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചില്ലെങ്കിൽ സർക്കാർ തന്നെ താഴെ വീഴുന്ന സ്ഥിതിയാണ്. പിന്നെ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടി വരും. ബ്രക്സിറ്റ് ചർച്ചകളിലെ പരാജയത്തിന്റെ പ‍ശ്ചാത്തലത്തിൽ പലവട്ടം കാലിടറി രാജിവയ്ക്കുന്ന തെരേസ മേയുടെ പിൻഗാമിയെ കാത്തിരിക്കുന്നത് ബ്രക്സിറ്റ് യാഥാർഥ്യമാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ്.