ബ്രെക്സിറ്റ് കാലാവധി നീട്ടുന്നതിനെ പിന്തുണക്കുന്നതിനേക്കാള്‍ നല്ലത് ‘കുഴിയില്‍ ചാടി മരിക്കുന്നതാണ്; ബ്രിട്ടിഷ് പ്രധാനമന്ത്രി

ബ്രെക്സിറ്റ് കാലാവധി നീട്ടുന്നതിനെ പിന്തുണക്കുന്നതിനേക്കാള്‍ നല്ലത് ‘കുഴിയില്‍ ചാടി മരിക്കുന്നതാണ്; ബ്രിട്ടിഷ് പ്രധാനമന്ത്രി

ലണ്ടൻ: ബ്രെക്സിറ്റ് കാലാവധി നീട്ടുന്നതിനെ പിന്തുണക്കുന്നതിനേക്കാള്‍ നല്ലത് ‘കുഴിയില്‍ ചാടി മരിക്കുന്നതാണെന്ന്’ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. നീട്ടേണ്ട സാഹചര്യമുണ്ടായാല്‍ രാജിവയ്ക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഒക്ടോബർ 31 ന് അപ്പുറം ബ്രെക്സിറ്റ് കാലാവധി നീട്ടിത്തരണമെന്ന ആവശ്യവുമായി ബ്രസൽസിലേക്ക് പോകില്ലെന്ന് അദ്ദേഹം ശപഥം ചെയ്തു. എന്നാല്‍ ബ്രെക്സിറ്റ് കാലാവതി നീട്ടുന്നതിനായുള്ള ബില്‍ പാര്‍ലമെന്‍റ് പാസാക്കിയാല്‍ അദ്ദേഹം അതു ചെയ്യാന്‍ ബാധ്യസ്ഥനുമാണ്. അപ്പോഴാണ്‌ അതിനേക്കാള്‍ നല്ലത് കുഴിയില്‍ ചാടി മരിക്കുന്നതാണെന്ന കടുത്ത പരാമര്‍ശം അദ്ദേഹം നടത്തിയത്.

എന്നാല്‍, അത്തരമൊരു സാഹചര്യം ഉരുത്തിരിഞ്ഞു വന്നാല്‍ രാജിവെക്കുമോ എന്നതിനെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തതയില്ല. കൂടുതൽ കാലതാമസം വരുത്തുന്നതിന്‍റെ അർത്ഥമെന്താണ് എന്നാണ് ജോൺസൺ ചോദിക്കുന്നത്. സഹോദരൻ ജോ എം‌പി സ്ഥാനം രാജിവച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങളോടും അദ്ദേഹം വ്യക്തമാക്കുന്നു.  സഹോദരന്റെ സേവനങ്ങൾക്കു നന്ദിപറഞ്ഞ ബോറിസ് ജോൺസൺ അദ്ദേഹം വിദ്യാഭ്യാസകാലം മുതലേ ബുദ്ധിമാനും സമർദ്ധനുമായനേതാവാണെന്ന് പ്രശംസിച്ചു.

ഒരു പോലീസ് പരിശീലന കോളേജിൽ വെച്ചാണ് ജോൺസൺ മാധ്യമപ്രവര്‍ത്തകരുമായി സംവദിച്ചത്.  പോലീസ് ഡിപ്പാര്‍ട്ട്മെന്‍റുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ സംസാരിക്കാന്‍ വിളിച്ചുചേര്‍ത്ത പത്ര സമ്മേളനത്തിലായിരുന്നു പരാമര്‍ശം. എന്നാൽ പരാമർശം  യൂണിഫോം ധരിച്ച ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പോലീസിനെ രാഷ്ട്രീയവൽക്കരിക്കാന്‍ ശ്രമിച്ചുവെന്നാണ് അതിനോട് പ്രതിപക്ഷ എംപിമാര്‍ വിമര്‍ശിച്ചത്.

പോലീസ് ഫെഡറേഷനും പ്രധാനമന്ത്രിയുടെ നടപടിയെ വിമർശിച്ച് രംഗത്തെത്തി. ‘ഒരു രാഷ്ട്രീയ പ്രസംഗത്തിന്റെ പശ്ചാത്തലമായി പോലീസ് ഉദ്യോഗസ്ഥരെ ഈ രീതിയിൽ ഉപയോഗിച്ചതിൽ ഞാൻ അത്ഭുതപ്പെടുന്നു’ എന്നാണ് പോലീസ് ഫെഡറേഷൻ ഓഫ് ഇംഗ്ലണ്ട് ആന്‍ഡ് വെയിൽസിന്റെ ദേശീയ ചെയർ ജോൺ ആപ്റ്റർ പറഞ്ഞത്.