സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം വീണ്ടും ശക്തമാക്കി ഇറാഖ്

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം വീണ്ടും ശക്തമാക്കി ഇറാഖ്

ബാഗ്ദാദ്: ഇറാഖില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം വീണ്ടും ശക്തമാകുന്നു. സുരക്ഷ സേനയും പ്രക്ഷോഭകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഇന്നലെ മാത്രം ആറുപേര്‍ കൊല്ലപ്പെട്ടു. ഇറാഖിലെ തെക്കന്‍ നഗരമായ സസ്രിയയിലും ബസ്‌റയിലും ഉണ്ടായ ഏറ്റുമുട്ടലിലാണ് ആറ് പേര്‍ കൊല്ലപ്പെട്ടത്. 78ഓളം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇറാഖിലുണ്ടായിരുന്ന അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് സ്ഥിതിഗതികള്‍ വിലയിരുത്തി. അഴിമതി ഇല്ലാതാക്കാന്‍ നടപടി എടുക്കുക, വിദേശ ശക്തികളുടെ ഇടപെടല്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം.

പ്രക്ഷോഭകരും സുരക്ഷ സേനയും കൊല്ലപ്പെടുന്നത് നഗരത്തില്‍ പതിവായിരിക്കുകയാണ്. രണ്ട് മാസമായി തുടരുന്ന പ്രക്ഷോഭത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 330 പേരാണ്. വെടിവെയ്പ്പിലാണ് കൂടുതല്‍ പേരും കൊല്ലപ്പെട്ടത്. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തെയും പ്രക്ഷോഭം കാര്യമായി ബാധിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ആദില്‍ അബ്ദുള്‍ മഹ്ദി രാജിവെയ്ക്കും വരെ പ്രക്ഷോഭത്തില്‍ നിന്ന് പിന്മാറില്ലെന്ന ഉറച്ച നിലപാടിലാണ് പ്രതിഷേധക്കാര്‍.