ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായതിന് ശേഷമുള്ള യു.എസ് ആദ്യ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു

 ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായതിന് ശേഷമുള്ള യു.എസ് ആദ്യ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു

വാഷിങ്ടണ്‍: യു.എസ് ആദ്യ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു.ഇത്തവണ ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടിയായിരിക്കുകയാണ്. ട്രംപ് അമേരിക്കന്‍ പ്രസിഡന്റായതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവന്നിരിക്കുന്നത്. 435 അംഗ ജനപ്രതിനിധി സഭയില്‍ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടി അധികാരം പിടിച്ചെടുത്തു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയാകട്ടെ സെനറ്റിലെ 35 സീറ്റുകളിലേക്ക് നടത്തിയ തിരഞ്ഞെടുപ്പില്‍ മേധാവിത്വം നിലനിര്‍ത്തിയിട്ടുണ്ട്.മാത്രമല്ല,സെനറ്റില്‍ ഡെമോക്രാറ്റുകളില്‍ നിന്ന് മൂന്ന് സീറ്റ് പിടിച്ചെടുക്കാനും ട്രംപിന്റെ പാര്‍ട്ടിക്ക് കഴിഞ്ഞു. 

ജനപ്രതിനിധി സഭയുടെ നിയന്ത്രണം ഡെമോക്രാറ്റുകള്‍ തിരിച്ചു പിടിച്ചപ്പോള്‍ സെനറ്റിന്റെ നിയന്ത്രണം റിപ്പബ്ലിക്കന്‍സ് നിലനിര്‍ത്തുന്ന കാഴ്ചയാണ് വോട്ടെണ്ണലിന്റെ ഒടുവില്‍ കണ്ടത്.സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ തിരഞ്ഞെടുപ്പിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നേരിയ മുന്‍തൂക്കമുണ്ട്. സെനറ്റില്‍ ഡെമോക്രാറ്റുകള്‍ മുന്‍തൂക്കം നേടിയിരുന്നെങ്കില്‍ ട്രംപിന് ഇംപീച്ച്മെന്റ് നടപടികള്‍ നേരിടേണ്ടി വരുമായിരുന്നു.

അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി മുസ്ലിം വനിതകളായിട്ടുളള മിഷിഗണില്‍ നിന്ന് റാഷിദ താലിബ്, മിനസോട്ടയില്‍നിന്ന് ഇല്‍ഹാന്‍ ഒമര്‍ എന്നിവര്‍ ജനപ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതും ഇത്തവണത്തെ പ്രത്യേകതയായി മാറി. ഇരുവരും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളാണ്.