ലുബാന്‍ ചുഴലിക്കാറ്റ് നേരിടാന്‍ ഒമാനില്‍ വിപുലമായ തയ്യാറെടുപ്പ്; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

ലുബാന്‍ ചുഴലിക്കാറ്റ് നേരിടാന്‍ ഒമാനില്‍ വിപുലമായ തയ്യാറെടുപ്പ്; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

മനാമ: അറബിക്കടലില്‍ രൂപം കൊണ്ട ലുബാന്‍ ചുഴലികൊടുങ്കാറ്റ് ശക്തിയാര്‍ജ്ജിക്കുന്നു. നാളെ രാവിലെ ആകുമ്ബോഴേക്കും കാറ്റഗറി ഒന്നില്‍ പെട്ട അതി തീവ്ര ചുഴലികൊടുങ്കാറ്റ് ആയി ലുബാന്‍ മാറുമെന്നു ഒമാന്‍ പബ്ലിക്‌ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ മുന്നറിയിപ്പ് നല്‍കി. യെമനോടൊപ്പം ഒമാനിലെ ദോഫര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളെ ചുഴലിക്കാറ്റ് ബാധിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. എല്ലാ വകുപ്പുകളും വേണ്ട തയ്യാറെടുപ്പ് നടത്തി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി ഒമാന്‍ സിവില്‍ ഡിഫന്‍സ് അറിയിച്ചു.

സലാല നഗരത്തിനു ഏതാണ്ട് 830 കിലോമീറ്റര്‍ അകലെ വരെ ഇപ്പോള്‍ ചുഴലികൊടുങ്കാറ്റ് എത്തിയിട്ടുണ്ട്. വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ ദോഫാര്‍ ഗവര്‍ണറേറ്റ് തീരത്തെക്കും യമന്‍ തീരത്തേക്കാണ് ന്യൂന മര്‍ദത്തിന്‍റെ സഞ്ചാരം.

നാളെ രാവിലെ ദോഫാര്‍, അല്‍ വുസ്ത, മേഖലകളില്‍ ചുഴലികൊടുങ്കാറ്റിന്‍റെ ആഘാതമുണ്ടാകുമെന്നും നാല് മുതല്‍ ആറു മീറ്റര്‍ ഉയരത്തില്‍ വരെ തിലമാലകള്‍ ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

വെള്ളിയാഴ്ച ദോഫാര്‍, അല്‍ വുസ്ത, ഗവര്‍ണറേറ്റുകളില്‍ ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. ചുഴലികൊടുങ്കാറ്റിന്‍റെ ആഘാതം നേരിടാന്‍ എല്ലാ വിധ മുന്‍ കരുതലുകളും എടുത്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ മെയ് അവസാനത്തില്‍ വീശിയ മെക്കനു ചുഴലിക്കാറ്റിന്റെ അത്ര തീവ്രമായിരിക്കില്ല ലുബാന്‍ എന്നാണ് കണക്കുകൂട്ടല്‍. ഇപ്പോഴത്തെ കാറ്റിന്റെ ഗതി നോക്കിയാല്‍ ഒമാന്‍ തീരങ്ങളിലൂടെ കടന്നു പോകാതെ ഏദന്‍ കടലിടുക്ക് വഴി പടിഞ്ഞാറോട്ട് നീങ്ങാന്‍ സാധ്യതയുണ്ട്.