ഒമാനില്‍ ഡെങ്കിപ്പനി വ്യാപിക്കുന്നു

 ഒമാനില്‍ ഡെങ്കിപ്പനി വ്യാപിക്കുന്നു

മസ്‌കത്ത്: ഒമാനില്‍ ഡെങ്കിപ്പനി വ്യാപിക്കുന്നു. ഇതിനോടകം നിലവില്‍ 40 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചതായി ആരോഗ്യ മന്ത്രാലയത്തിലെ രോഗനിയന്ത്രണ ഡയറക്ടര്‍ ജനറല്‍ ഡോ. സെയ്ഫ് അല്‍ അബ്റി അറിയിച്ചിരിക്കുന്നത്. 2018 ഡിസംബര്‍ രണ്ടാം വാരത്തിലാണ് ഒമാനില്‍ ഒരാള്‍ക്ക് ഡെങ്കിപ്പനി കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്ന് നടത്തിയ സര്‍വേയിലും പരിശോധനയിലും ഡെങ്കിപ്പനി പകര്‍ത്തുന്ന കൊതുകായ ഈഡിസ് ഈജിപ്തിയെ സീബില്‍ കണ്ടെത്തിയിരുന്നു.

എന്നാല്‍, കൊതുകുകളെ തുരത്താനും കൊതുകുകടി ഏല്‍ക്കാതിരിക്കാനും നിരവധി നിര്‍ദേശങ്ങള്‍ ആരോഗ്യമന്ത്രാലയം മുന്നോട്ടു വെച്ചിട്ടുണ്ട്.നീന്തല്‍ക്കുളങ്ങള്‍, ഫൗണ്ടനുകള്‍, കാര്‍ഷികാവശ്യത്തിനുള്ള കുടങ്ങള്‍ എന്നിവയിലെ വെള്ളം അഞ്ചു ദിവസം കൂടുമ്പോള്‍ മാറ്റണമെന്നും, അതോടൊപ്പം, ജലസംഭരണികള്‍ വൃത്തിയായി സൂക്ഷിക്കുകയും ശരിയായി മൂടുകയും വേണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു. കൂടാതെ, പക്ഷികള്‍, മൃഗങ്ങള്‍ എന്നിവക്ക് വെള്ളം കൊടുക്കുന്ന പാത്രങ്ങളില്‍ വീണ്ടും വെള്ളം നിറക്കുന്നതിന് മുമ്പ് പാത്രത്തില്‍ ബാക്കിയുള്ള വെള്ളം ഒഴുക്കിക്കളയണമെന്ന്ും, ഉപയോഗിച്ച് ഉപേക്ഷിച്ച ടയറുകള്‍ നശിപ്പിക്കണമെന്നും, അതോടൊപ്പം, കുപ്പികളും കേടുവന്ന പാത്രങ്ങളും ശരിയായ വിധം നശിപ്പിക്കണം തുടങ്ങീ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് നഗരസഭ അധികൃതര്‍ നിര്‍ദേശിച്ചു.