യുഎഇയില്‍ ഇനി മുതല്‍ ജീവനക്കാര്‍ക്ക് 90 ദിവസം മെഡിക്കല്‍ ലീവ്

യുഎഇയില്‍ ഇനി മുതല്‍ ജീവനക്കാര്‍ക്ക് 90 ദിവസം മെഡിക്കല്‍ ലീവ്

അബുദാബി: യുഎയില്‍ ജീവനക്കാരുടെ അവധിക്ക് പുതിയ മാനദണ്ഡങ്ങള്‍ നിലവില്‍ വന്നു. വാര്‍ഷിക അവധിയും മെഡിക്കല്‍ അവധിയും ഉള്‍പ്പെടെ 12 ഇനത്തില്‍ പെട്ട അവധികളാണ് ജീവനക്കാര്‍ക്ക് ലഭ്യമാവുന്നത്. വര്‍ഷത്തില്‍ പരമാവധി 90 ദിവസം വരെ മെഡിക്കല്‍ ലീവെടുക്കാന്‍ കഴിയും.

ജോലിയില്‍ പ്രവേശിച്ചയുടനെയുള്ള പ്രൊബേഷന്‍ കാലാവധിയില്‍ മെഡിക്കല്‍ ലീവെടുക്കാന്‍ സാധിക്കില്ല. ഇതിനു ശേഷമായിരിക്കും 90  ദിവസം വരെയുള്ള മെഡിക്കല്‍ ലീവ് ലഭിക്കുന്നത്. ഇത് ഒരുമിച്ചോ അല്ലെങ്കില്‍ ആവശ്യാനുസരണം പല തവണകളിലായോ എടുക്കാം. അസുഖാവധിയിലുള്ള കാലയളവിലെ ആദ്യത്തെ 15 ദിവസം മുഴുവന്‍ ശമ്പളവും ലഭിക്കും. പിന്നീടുള്ള 30 ദിവസങ്ങളില്‍ പകുതി ശമ്പളമായിരിക്കും ലഭിക്കുക. ശേഷമുള്ള 45 ദിവസം ശമ്പളമില്ലാത്ത അവധിയായിരിക്കുമെന്നും നിയമം വ്യക്തമാക്കുന്നു.

ഒരു വര്‍ഷത്തെ ലീവ് അടുത്ത വര്‍ഷങ്ങളിലേക്ക് മാറ്റി വെക്കാന്‍ സാധിക്കില്ല. രോഗവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അധികൃതരെ കാണിച്ച് ബോധ്യപ്പെടുത്തേണ്ടതുമാണ്.