ഒറ്റയ്ക്കൊരു സമരം നടത്തുന്ന വനിതാ എംപി

റഷ്യയിൽ ഒറ്റയ്ക്കൊരു സമരം നടത്തുകയാണ് ഭരണകക്ഷിയിൽപെട്ട ഒരു വനിതാ എംപി. പ്രസിഡന്റും സ്വന്തം കക്ഷിയിൽ ഉൾപ്പെട്ടവരും പ്രതിപക്ഷവും പ്രബല സമുദായവും ഒന്നിച്ചെതിർക്കുമ്പോഴും പരാജയപ്പെടുമെന്ന ഭീതിയില്ലാതെ അവസാനം വരെ പോരാടുമെന്ന ദൃഡനിശ്ചയത്തിലാണ് അവർ‍. റഷ്യ  മുഖം തിരിഞ്ഞുനിൽക്കുകയാണെങ്കിലും ലോകം സമരം ശ്രദ്ധിച്ചുകഴിഞ്ഞു; വനിതാ എംപിയെയും. ഗാർഹിക അതിക്രമങ്ങൾക്ക് ശിക്ഷ ഉറപ്പാക്കാൻവേണ്ടിയാണ് എംപി സമരം നടത്തുന്നതെന്നാണ് ഏറ്റവും കൗതുകകരം.റഷ്യയിൽ ഗാർഹിക അതിക്രമം കുറ്റകരമല്ല എന്നുകൂടി അറിയുക. വീടുകളിൽ നടക്കുന്ന അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്താൽ പോലും പൊലീസോ മറ്റധികൃതരോ ഇടപെടാറുമില്ല. വിചിത്രമായ ഈ സാമൂഹികാവസ്ഥയ്ക്കെതിരെയാണ് വനിതാ എംപി ഒക്സാന പുഷ്കിനയുടെ പോരാട്ടം. പ്രസംഗവും ബോധവൽക്കരണവും മാത്രമല്ല പോരാട്ടത്തിലുള്ളത്; നിയമ നിർമാണം തന്നെ. നിയമത്തിന്റെ കരടും അവർ തയാറാക്കിക്കഴിഞ്ഞു. പക്ഷേ, യാഥാസ്ഥിതിക വിഭാഗക്കാർ കടുത്ത പ്രതിഷേധവും തുടങ്ങിക്കഴിഞ്ഞു.