പാകിസ്താനിൽ നിന്നെത്തുന്ന പത്രമാസികകൾക്കും വൻനികുതി

ഭീകരാക്രമണത്തിന് ശേഷം 200 ശതമാനം നികുതിയാണ് പാകിസ്താനിൽനിന്നുള്ള സാധനങ്ങൾക്ക് കേന്ദ്രസർക്കാർ ചുമത്തിയത് പുൽവാമ ഭീകരാക്രമണത്തിന് ശേഷം പാകിസ്താനിൽ നിന്നെത്തുന്ന പത്രങ്ങൾക്കും മാസികകൾക്കും വൻതുക നികുതി അടയ്ക്കേണ്ടി വരുന്നതായി വിതരണക്കാർ. ഭീകരാക്രമണത്തിന് ശേഷം 200 ശതമാനം നികുതിയാണ് പാകിസ്താനിൽനിന്നുള്ള സാധനങ്ങൾക്ക് കേന്ദ്രസർക്കാർ ചുമത്തിയത്. അതിന്റെ ഭാഗമായി പാകിസ്താനിൽനിന്ന് ഇന്ത്യയിലെത്തുന്ന പത്രമാസികകളും വലിയ പ്രസിസന്ധിയിലാണെന്ന് വിതരണക്കാർ പറയുന്നു.മുഹമ്മദലി റോഡിലെ നാസ് ബുക്ക് ഡിപ്പോവാണ് മുംബൈയിൽ പാകിസ്താനിൽനിന്നുള്ള പത്രങ്ങളും മാസികകളും വിതരണം ചെയ്യുന്നത്. ചെറിയ വില വരുന്ന പത്രങ്ങളും മാസികകളും വിപണിയിൽ എത്തിക്കണമെങ്കിൽ വലിയനികുതി അടയ്ക്കണം. മുംബൈയിൽ താമസിക്കുന്നവരുടെ നിരവധി ബന്ധുക്കൾ ഇപ്പോഴും പാകിസ്താനിലുണ്ട്. അവരാണ് കൂടുതലും ഈ പ്രസിദ്ധീകരണങ്ങൾ വാങ്ങുന്നത്. ഇവർക്ക് പുറമെ ലൈബ്രറികളും, ഗവേഷക വിദ്യാർഥികളുമാണ് ഇംഗ്ലീഷിലും ഉറുദുവിലുമെത്തുന്ന ഇത്തരം പ്രസിദ്ധീകരണങ്ങൾ വാങ്ങുന്നത്. അവരെയാണ് പുതിയ നികുതിചുമത്തൽ പ്രതിസന്ധിയിലാക്കിയിരിക്കുന്നതെന്ന് നാസ് ബുക്ക് ഡിപ്പോവിന്റെ ഉടമസ്ഥനായ മുഹമ്മദ് അസിഫ് പറഞ്ഞു.എഴുപത് വർഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു അനുഭവം ഉണ്ടാവുന്നതെന്നും പത്ര മാസികകൾ മുംബൈ വിമാനത്താവളത്തിൽ കെട്ടിക്കിടക്കുകയാണെന്നും അസിഫ് പറഞ്ഞു. രണ്ടുലക്ഷത്തോളം രൂപ അധികമായി നൽകേണ്ടതുണ്ടെന്നും തനിക്ക് ഇത്രയും തുക നൽകാനാവാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. huge tax for magazines which are publishing from pakistan