എസ്.ബി.ഐ. വായ്പാ പലിശ കുറച്ചു

30 ലക്ഷം രൂപയ്ക്ക് താഴെയുള്ള ഭവനവായ്പയുടെ പലിശ 0.10 ശതമാനമാണ് കുറച്ചത് റിസർവ് ബാങ്ക് വായ്പാ നിരക്ക് കുറച്ചതിന്റെ ചുവടുപിടിച്ച് രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എസ്.ബി.ഐ. പലിശ നിരക്ക് കുറച്ചു. 30 ലക്ഷം രൂപയ്ക്ക് താഴെയുള്ള ഭവനവായ്പയുടെ പലിശ 0.10 ശതമാനമാണ് കുറച്ചത്. ഏറ്റവും കുറഞ്ഞ നിരക്ക് 8.70 ശതമാനത്തിൽനിന്ന് 8.60 ശതമാനമായി കുറയും. ഉയർന്ന നിരക്ക് ഒമ്പതു ശതമാനത്തിൽ നിന്ന് 8.90 ശതമാനമായാണ് കുറയുക. പുതുക്കിയ നിരക്ക് ബുധനാഴ്ച പ്രാബല്യത്തിൽ വരും.മറ്റു വായ്പകളുടെ പലിശയിലും നേരിയ കുറവുണ്ടാകും. അടിസ്ഥാന നിരക്കായ ‘മാർജിനൽ കോസ്റ്റ് ഓഫ് ലെൻഡിങ് റേറ്റി’ൽ (എം.സി.എൽ.ആർ.) 0.05 ശതമാനത്തിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. 2016 ഏപ്രിൽ മുതൽ എം.സി.എൽ.ആർ. സംവിധാനത്തിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകൾ വായ്പകൾ നൽകുന്നത്. ആർ.ബി.ഐ. കഴിഞ്ഞയാഴ്ച റിപോ നിരക്കിൽ (വാണിജ്യ ബാങ്കുകൾക്ക് ആർ.ബി.ഐ. നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശ) 0.25 ശതമാനത്തിന്റെ കുറവു വരുത്തിയിരുന്നു. ഏപ്രിൽ ഒന്നു മുതൽ റിപോ നിരക്ക് പോലുള്ള ബാഹ്യഘടകങ്ങളുടെ അടിസ്ഥാനത്തിൽ അടിസ്ഥാന പലിശ നിശ്ചയിക്കണമെന്ന് ആർ.ബി.ഐ. നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, കഴിഞ്ഞയാഴ്ച നടന്ന പണനയ അവലോകനത്തിൽ ഈ തീയതി നീട്ടാൻ ആർ.ബി.ഐ. തീരുമാനിച്ചു. എം.സി.എൽ.ആറിന്റെ സ്ഥാനത്ത് അടിസ്ഥാന പലിശ നിരക്ക് റിപോ നിരക്കിന്റെ അടിസ്ഥാനത്തിലാക്കുമെന്ന് എസ്.ബി.ഐ. നേരത്തെ വ്യക്തമാക്കിയിരുന്നു.വാണിജ്യ ബാങ്കുകൾ റിപോ നിരക്ക് അടിസ്ഥാനമാക്കിയാൽ ആർ.ബി.ഐ. നിരക്ക് കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നതിന് ആനുപാതികമായി ബാങ്കുകൾ പലിശയിൽ മാറ്റം വരുത്തിയേനെ.എസ്.ബി.ഐ. നിരക്ക് കുറയ്ക്കുന്നതിനു മുമ്പ് എച്ച്.ഡി.എഫ്.സി. ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവ എം.സി.എൽ.ആർ. നിരക്ക് കുറച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ മറ്റു ബാങ്കുകളും നിരക്ക് കുറയ്ക്കുമെന്നാണ് സൂചന. sbi interest reduced