ആടുകൾ ക്യാമറ വച്ച് പകർത്തിയ ‘’ഗൂഗിള്‍ ഷീപ്പ് വ്യൂ’’ !

ആടുകൾ ക്യാമറ വച്ച് പകർത്തിയ ‘’ഗൂഗിള്‍ ഷീപ്പ് വ്യൂ’’ !

ഡെന്മാര്‍ക്കിന്റെ കീഴിലുള്ള സ്വതന്ത്ര പ്രവിശ്യയാണ് പതിനെട്ടോളം ദ്വീപുകളുടെ കൂട്ടമായ ഫാറോ ഐലന്‍ഡ്‌സ്. അറ്റ്‌ലാന്റിക് മഹാസമുദ്രത്തിന്റെ വടക്കായി ബ്രിട്ടൻ, നോർവെ, ഐസ്‌ലാന്റ്, എന്നീ രാജ്യങ്ങൾക്കിടയിൽ ചിതറിക്കിടക്കുന്ന 18 പ്രധാന ദ്വീപുകളോടു കൂടിയ ദ്വീപസമൂഹമാണ് ഫറോ. ഡെൻമാർക്കിന്റെ കോളനിയാണെങ്കിലും 1948 മുതൽ സ്വയംഭരണാവകാശമുണ്ട്. ചെമ്മരിയാടുകളുടെ നാട് എന്നാണ് ഫറോയ്ക്ക് അർഥം.അരലക്ഷം ആളുകളും ഒരുലക്ഷം ആടുകളുമാണ് ഇവിടുത്തെ അന്തേവാസികള്‍. കുറച്ചുനാളുകള്‍ക്ക് മുന്‍പ് ഇവിടുത്തുകാര്‍ ഒരു കാമ്ബെയ്ന്‍ ആരംഭിച്ചു '#wewantGoogleStreetView' എന്നായിരുന്നു ഹാഷ് ടാഗ്.അറ്റ്ലാന്റിക്കില്‍ ഒറ്റപ്പെട്ടുകിടക്കുന്ന ദ്വീപ് സമൂഹത്തിന്‍്റെ കാര്യത്തില്‍ ഇന്റര്‍നെറ്റ് ഭീമന് താല്‍പ്പര്യമുണ്ടാകില്ല എന്ന ചിന്തയാണ് ഇത്തരം ഒരു നീക്കത്തിന് അവരെ പ്രേരിപ്പിച്ചത്.

പക്ഷെ ഗൂഗിള്‍ ക്യാമെറയുമായി എത്തി എന്നതാണ് രസകരം. പക്ഷെ ഉയര്‍ന്നും താണും കിടക്കുന്ന പുല്‍മേടുകളും , ചെങ്കുത്തായ പാറക്കൂട്ടങ്ങളും നിറഞ്ഞ ദ്വീപുകളില്‍ വണ്ടിയോടിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തുക എന്നത് തീര്‍ത്തും ദുഷ്ക്കരമായിരുന്നു. എന്നാല്‍ ഇത്തരം വെല്ലുവിളികളെല്ലാം ഏറ്റെടുത്ത ഗൂഗിൾ ദൃശ്യങ്ങൾ പകർത്തുന്നതിനുള്ള മാർഗവും കണ്ടെത്തി ദ്വീപിലെ ഏത് മലയും നിഷ്പ്രയാസം ചാടിക്കയറിപ്പോകുന്ന ആടുകളെ തന്നെ അവര്‍ തങ്ങളുടെ ക്യാമറകള്‍ ഏല്‍പ്പിച്ചു ! അങ്ങിനെ Sheep View 360 എന്ന പ്രൊജക്റ്റിന് ആരംഭമായി. തങ്ങളുടെ 360൦ ക്യാമറകള്‍ ആടുകളുടെ മുതുകത്ത് കെട്ടിവെച്ച്‌ ഫാറോയിലെ പതിനെട്ട് ദ്വീപുകളിലെയും മുക്കും മൂലയും ഗൂഗിള്‍ പകര്‍ത്തിയെടുത്തു.പണി പക്ഷെ വിചാരിച്ച അത്ര എളുപ്പമായിരുന്നില്ല . ഒരു ലക്ഷ്യവുമില്ലാതെ ചാടിത്തിമിര്‍ത്തു നടക്കുന്ന ആടുകളുടെ മുകളില്‍ ക്യാമറ വെക്കുകമാത്രമല്ല , അത് വിദൂരത്തില്‍ നിന്ന് നിയന്ത്രിക്കുകയും വേണമായിരുന്നു . രണ്ടുമണിക്കൂര്‍ ബാറ്ററിക്ക് കൂടുതല്‍ ശേഷിപകരാന്‍ രണ്ടു സോളാര്‍ പാനലുകള്‍ കൂടി ഘടിപ്പിച്ചു . 'ആടുകള്‍ ' എടുക്കുന്ന ഫോട്ടോകള്‍ സമയാസമയം ഫോണിലൂടെ ലാപ്പില്‍ എത്തിച്ച്‌ അപ്‌ലോഡ് ചെയ്യുകയാണ് അവര്‍ ചെയ്തത്. എന്തായാലും ഇതുകൊണ്ട് ദ്വീപുനിവാസികള്‍ക്ക് ചില്ലറനേട്ടമല്ല ഉണ്ടായത്. ദ്വീപിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് ഇരുപത് ഇരട്ടിയായി വര്‍ദ്ധിച്ചു , അങ്ങിനെ അവരുടെ വരുമാനവും !

ഫാറോ ദ്വീപുകളെക്കുറിച്ച്‌ പറയുമ്ബോള്‍ നമ്മുടെ പ്രത്യേകശ്രദ്ധ പതിയുന്ന ഒരു ദ്വീപാണ് Lítla Dímun. മുഴുവന്‍ ദ്വീപുകളിലും വെച്ച്‌ വിജനമായ ഏക ദ്വീപാണിത് (247 acres) . കാരണം ഇവിടെകാണുന്ന ഫോട്ടോ കണ്ടാല്‍ നമ്മുക്ക് പിടികിട്ടും. ഒരു ബീച്ച്‌ പോയിട്ട് കാലുകുത്താന്‍ ഒരു സ്ഥലമില്ലാത്ത ഐലന്‍ഡ്. തീരമില്ലാത്ത ദ്വീപ് എന്ന് വേണെമെങ്കില്‍ പറയാം .ചുറ്റും ചെങ്കുത്തായ പാറകള്‍ മാത്രം . മുകളില്‍ ചെറിയ പുല്‍മേടുകള്‍ ഉണ്ട് . അവിടെ Faroes sheep എന്ന വിഭാഗത്തില്‍ പെടുന്ന ആടുകള്‍ മേഞ്ഞുനടക്കുന്നു. സാധാരണ യൂറോപ്യന്‍ ആടുകളെ (feral sheep) നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഫാറോ ദ്വീപുകളില്‍ കൊണ്ടുവിടുകയും , അവറ്റകള്‍ അവിടെ ഒറ്റപ്പെട്ട് കിടന്ന് പുതിയ വര്‍ഗ്ഗമായി മാറുകയും ചെയ്തതാണ്. പക്ഷെ, വേറിട്ട് കിടക്കുന്ന Lítla Dímun ദ്വീപില്‍ മറ്റൊരു വര്‍ഗ്ഗമായിരുന്നു ഉരുത്തിരിഞ്ഞു വന്നത് . Lítla Dímun sheep (Dímunarseyðurin) എന്നായിരുന്നു ആ ജാതിയുടെ പേര് .എന്നാല്‍ 1860 കളില്‍ എപ്പോഴോ ഈ വര്‍ഗ്ഗത്തില്‍പ്പെട്ട അവസാനത്തെ ആടിനെയും വേട്ടക്കാര്‍ വെടിവെച്ചു കൊന്നതോടെ ആ വര്‍ഗ്ഗം കുറ്റിയറ്റു.

ഇന്നിപ്പോള്‍ ദ്വീപില്‍ ഉള്ളത് മറ്റ് ദ്വീപുകളില്‍ നിന്നും ഇവിടെ മേയ്ക്കാന്‍ കൊണ്ടുവിട്ട ഫാറോ ആടുകളാണ് . അത്തരമൊരു ദിവസമാണ് ഫാറോനിവാസികള്‍ ഈ ദ്വീപിലെ ആടുകളെ പിടിക്കാന്‍ എത്തുന്നത്.നാല്‍പ്പതോളം പേര്‍ വടവും മറ്റും ഉപയോഗിച്ച്‌ ദ്വീപിന് മുകളില്‍ കയറും . എന്നിട്ട് കയറുകള്‍ ഉപയോഗിച്ച്‌ ആടുകള്‍ക്ക് ചുറ്റും ഒരു വലയം തീര്‍ത്ത് അവറ്റകളെ ഏതെങ്കിലും മൂലയ്ക്ക് എത്തിക്കും . പിന്നീട് കൂട്ടത്തില്‍ ചിലര്‍ ചെന്ന് ഓരോന്നിനെ പിടിച്ച്‌ നാലുകാലുകളും കൂട്ടിക്കെട്ടി താഴെ വഞ്ചിയിലേക്ക് കയറു വഴി കോര്‍ത്ത് വിടും . ഇവറ്റകളെ പിന്നീട് മറ്റ് ദ്വീപുകളില്‍ എത്തിച്ച്‌ ആളുകള്‍ക്ക് വില്‍ക്കും . ഇന്ന് മിക്ക ടൂറിസ്റ്റുകളും ഈ ദ്വീപിനെ ബോട്ടില്‍ ചെന്ന് വലംവെച്ച്‌ കണ്ടുപോരുകയാണ് പതിവ് . മുന്‍പ് പറഞ്ഞതുപോലെ നല്ല കാലാവസ്ഥയാണെങ്കില്‍ മാത്രമേ അങ്ങോട്ട് വഞ്ചിയടുപ്പിക്കാന്‍ സാധിക്കൂ. ദ്വീപിന് മുകളില്‍ കാണുന്ന മേഘക്കൂട്ടത്തിന് Lenticular clouds എന്നാണ് പറയുക . ലെന്‍സിന്റെ ആകൃതിയുള്ളതുകൊണ്ടാണ് ആ പേര് . .വര്‍ഷത്തില്‍ നല്ല കാലാവസ്ഥയില്‍ ഒന്നോരണ്ടോ പ്രാവശ്യം മാത്രമേ ഈ ദ്വീപില്‍ നമുക്ക് ചെന്നെത്താന്‍ സാധിക്കൂ.