നിങ്ങളുടെ പെയിന്റിഗും ഇനി ലോകം കാണും

നിങ്ങളുടെ പെയിന്റിഗും ഇനി ലോകം കാണും

പേനയോ പെന്‍സിലോ എടുത്ത് എന്തെങ്കിലും കഴിയുന്നവരെപ്പോലും ലോകനിലവാരത്തിലുള്ള ചിത്രകാരനാക്കാന്‍ 'കമ്പ്യൂട്ടര്‍ ഗുരു' വരുന്നു. പ്രത്യേകം രൂപകല്‍പന ചെയ്ത സോഫ്റ്റ്‌വെയര്‍ ആണ് ചിത്രകലയിലെ ഏത് പാമരനെയും പണ്ഡിതനാക്കുന്നത്. 

ഇതിനായി വികസിപ്പിച്ച സോഫ്റ്റ്‌വെയറിന് പ്രശസ്ത ചിത്രകാരനായ വിന്‍സെന്റ് വാന്‍ഗോഗന്റെ പേരാണ് ഗവേഷകര്‍ നല്‍കിയിരിക്കുന്നത്. ലണ്ടനിലെ പ്രമുഖ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് സ്ഥാപനമായ 'കാംബ്രിഡ്ജ് കണ്‍സള്‍ട്ടന്റ്‌സ്' ആണ് പുതിയ സോഫ്‌റ്റ്വെയര്‍ രൂപകല്‍പനചെയ്തിരിക്കുന്നത്. ഏതുതരത്തിലുള്ള ചിത്രങ്ങളായാലും അത് കമ്പ്യൂട്ടറിന് നല്‍കിയാല്‍ മതി. 

പകരം അതിപ്രശസ്തരായ ചിത്രകാരന്മാരുടെ കേള്‍വികേട്ട പെയിന്റിങ്ങുകളെപ്പോലെയുള്ള സൃഷ്ടികളാക്കി അവ മാറ്റിത്തരും. നിലവില്‍ പ്രചാരത്തിലുള്ള ആയിരക്കണക്കിന് പെയിന്റിങ്ങുകളുടെ മാതൃകകള്‍ നല്‍കിയാണ് കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറിനെ അവക്ക് സമാനമായ സൃഷ്ടി നടത്താനുള്ള കഴിവ് നല്‍കിയിരിക്കുന്നത്.

ലഭിക്കുന്ന ചിത്രത്തിലെ വരകളും രൂപങ്ങളും വിശദമായി വിശകലനം ചെയ്തശേഷം മെമ്മറിയിലുള്ള പെയിന്റിങ്ങുകളുമായി താരതമ്യപ്പെടുത്തി എറ്റവും സാമ്യമുള്ള ഭാഗങ്ങളിലെ നിറങ്ങളും രൂപങ്ങളും അടിസ്ഥാനമാക്കിയാണ് പുതിയ പെയിന്റിങ് നിര്‍മിക്കുന്നത്.പുതിയ ഉല്‍പന്നത്തിന് സോഫ്റ്റ്‌വെയര്‍ രംഗത്ത് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.