ജിയോ ഐ.എസ്.ആര്‍.ഒയുമായി കൈകോര്‍ക്കുന്നു;ഇന്ത്യയിലെ വിദൂര ഗ്രാമങ്ങളിലുള്‍പ്പെടെ അതിവേഗ ഇന്റര്‍നെറ്റ് 

ജിയോ ഐ.എസ്.ആര്‍.ഒയുമായി കൈകോര്‍ക്കുന്നു;ഇന്ത്യയിലെ വിദൂര ഗ്രാമങ്ങളിലുള്‍പ്പെടെ അതിവേഗ ഇന്റര്‍നെറ്റ് 

ഇന്ത്യയിലെ വിദൂര ഗ്രാമങ്ങളിലുള്‍പ്പെടെ ഐ.എസ്.ആര്‍.ഒ ഉപഗ്രഹങ്ങളുപയോഗിച്ച് അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ പദ്ധതിയൊരുക്കുന്നു. ഐ.എസ്.ആര്‍.ഒയ്ക്ക് പുറമേ അമേരിക്കന്‍ വാര്‍ത്താവിനിമയ കമ്പനിയായ ഹ്യൂസ് കമ്മ്യൂണിക്കേഷന്‍സുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കാനാണ് ജിയോ ഉദ്ദേശിക്കുന്നത്.ഐ.എസ്.ആര്‍.ഒയുടെ സാറ്റലൈറ്റുകളും ഹ്യൂസിന്റെ സാങ്കേതിക വിദ്യകളും ഉപയോഗിച്ച് ഇന്റര്‍നെറ്റ് സേവനം വ്യാപമാക്കാന്‍ കഴിയുമെന്ന് ജിയോ പ്രതീക്ഷിക്കുന്നു. ടെലിഫോണ്‍ സേവനം ഇതുവരെ ലഭ്യമാക്കാന്‍ കഴിയാത്ത ഗ്രാമങ്ങളില്‍പ്പോലും ഇന്റര്‍നെറ്റ് എത്തിക്കാന്‍ കഴിയും.

പദ്ധതി പ്രാവര്‍ത്തികമാവുന്നപക്ഷം ഇത്തരത്തില്‍ 4ജി സേവനം ലഭ്യമാക്കുന്ന ആദ്യ നെറ്റ്വര്‍ക്ക് ജിയോ ആവും. റിപ്പോര്‍ട്ടുകള്‍ പ്രകാരം മുംബൈയിലും നാഗ്പൂരിലും സാറ്റലൈറ്റ് സ്റ്റേഷനുകളും, ലേയിലും പോര്‍ട്ട്ബ്ലെയറിലും മിനി-ഹബ്ബുകളും സ്ഥാപിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. അങ്ങനെയെങ്കില്‍ ജമ്മു-കശ്മീര്‍, ഉത്തരാഖണ്ഡ്, ആന്റമാന്‍-നിക്കോബാര്‍, ലക്ഷദ്വീപ് എന്നീ സ്ഥലങ്ങളില്‍ കൂടുതല്‍ നെറ്റ്വര്‍ക്ക് കവറേജ് ലഭ്യമാകും.