മുറിയുടെ ആകൃതിയ്ക്കനുസരിച്ച് സംഗീതം ; ആപ്പിളിന്റെ ഹോം പോഡ് വൈകിയേക്കും

മുറിയുടെ ആകൃതിയ്ക്കനുസരിച്ച് സംഗീതം ; ആപ്പിളിന്റെ ഹോം പോഡ് വൈകിയേക്കും

ആപ്പിളിന്റെ വിവിധോദ്ദേശ സ്പീക്കര്‍ ഹോംപോഡ് വിപണിയിലെത്തിക്കുന്നത് വൈകിയേക്കും. ഐഫോണ്‍ X പ്രഖ്യാപിച്ച ചടങ്ങിലായിരുന്നു ആപ്പിള്‍ ഇതിന്റെ ലോഞ്ചിംഗും നടത്തിയത്. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തുന്ന സ്പീക്കറുകള്‍ വിപണിയിലെ തരംഗമാകുന്നതിനിടയിലാണ്  ഹോംപോഡുമായി ആപ്പിള്‍ എത്തുമെന്ന് അറിയിച്ചത്.

ആപ്പിള്‍ ഐഫോണിലെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സഹായി സിറിയെ ആധാരമാക്കി പ്രവര്‍ത്തിക്കുന്ന ഹോംപോഡ് വൈകുന്നതിന്റെ കാരണമെന്തെന്ന് ആപ്പിള്‍ ഇനിയും വ്യക്തമാക്കിയിട്ടില്ല. ഡിസംബറില്‍ ഇത് പുറത്തിറക്കുമെന്നായിരുന്നു ആദ്യപ്രഖ്യാപനം.2018 ആദ്യം പുറത്തിറക്കാനാണ് നിലവില്‍ ആപ്പിളിന്റെ പദ്ധതിയെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എവിടെയാണോ വെച്ചിരിക്കുന്നത് ആ മുറിയുടെ ആകൃതി തിരിച്ചറിഞ്ഞ് സ്വയം ശബ്ദം ക്രമീകരിക്കാന്‍ ഹോംപോഡിനാവും. അതോടൊപ്പം കാലാവസ്ഥ, വാര്‍ത്ത, മെസേജ്, പോഡ്കാസ്റ്റ്, സ്റ്റോക്ക്‌സ് ഉള്‍പ്പെടെ എന്തും ഹോം പോഡിനോട് ചോദിക്കാം. ആപ്പിള്‍ ഹോം കിറ്റുമായി ബന്ധിപ്പിച്ച എല്ലാ സ്മാര്‍ട്ട് ഹോം ഡിവൈസുകളും ഹോം പോഡിന് നല്‍കുന്ന ശബ്ദ നിര്‍ദ്ദേശങ്ങളിലൂടെ നിങ്ങള്‍ക്ക് നിയന്ത്രിക്കാം. 

ആമസോണിന്റെ അലക്‌സയാണ് ഈ ശ്രേണിയില്‍ ഇപ്പോള്‍ വിപണിയിലെ താരം.