104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച്‌ ചരിത്രം കുറിക്കാനൊരുങ്ങി പി എസ് എൽ വി

104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച്‌ ചരിത്രം കുറിക്കാനൊരുങ്ങി പി എസ് എൽ വി

തിരുവനന്തപുരം: ഒറ്റ വിക്ഷേപത്തിൽ 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച്‌ ചരിത്രം കുറിക്കാനൊരുങ്ങുകയാണ് ഐ എസ് ആർ ഒ. ഫെബ്രുവരി 15 നാണ് ദൗത്യം. തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്‌പേസ് സെന്ററിൽ വികസിപ്പിച്ചെടുത്ത പി എസ് എൽ വി യുടെ എക്‌സ്എൽ  പതിപ്പാണ് വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്.

ഇന്ത്യയുടെ മൂന്ന് ഉപഗ്രഹങ്ങളാണ്‌ ഇതിലുള്ളത്. ശേഷിക്കുന്നവയിൽ 60 എണ്ണം ആമേരിക്കയുടേതാണ്. ജർമനി, നെതർലാൻഡ്‌സ്, യു എ ഇ തുടങ്ങിയ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളുമുണ്ട്. 

ആദ്യം 83 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനാണ് തീരുമാനിച്ചിരുന്നത്. പിന്നീട് 21 വിദേശ ഉപഗ്രഹങ്ങൾ കൂടി ചേർത്തു. തുടർന്നാണ് വിക്ഷേപണം ഡിസംബർ 26 ൽ നിന്ന് ഫെബ്രുവരി 15 ലേക്ക് മാറ്റിയത്

കാർട്ടോസാറ്റ് 2 ഒരു ഉപഗ്രഹം, ഐ എൻ എസ് ഒന്ന് എ, ഐ എൻ എസ് ഒന്ന് ബി എന്നിവയാണ് ഇന്ത്യൻ ഉപഗ്രഹങ്ങൾ.നാല് ഉപഗ്രഹങ്ങള്‍ വീതമുള്ള 25 ക്വാഡ് പാക്കാണിത്. ഇവയില്‍ ഒരെണ്ണം വിക്ഷേപണവാഹനത്തില്‍നിന്ന് വിഘടിച്ചശേഷം രണ്ടാകും. ഇന്ത്യയുടെ കാര്‍ട്ടോസാറ്റ് രണ്ട് ശ്രേണിയിലെ ഉപഗ്രഹത്തിനു മാത്രം 714 കിലോ ഭാരമുണ്ട്. ഐ എൻ എസ് ഒന്ന് എ യ്ക്കും ഒന്ന് ബി യ്ക്കും 18 കിലോ ഭാരമാണുള്ളത്.ബാക്കിയുള്ള 101 ഉപഗ്രഹങ്ങൾ 643 കിലോ ഭാരം വരും. 

വിക്ഷേപിച്ച് 42 സെക്കൻഡ് കഴിയുമ്പോൾ കാർട്ടോസാറ്റ് ഭ്രമണപഥത്തിലെത്തും.52 സെക്കൻഡ് ആകുമ്പോൾ ഐ എൻ എസ് ഒന്ന് എ, ഒന്ന് ബി എന്നിവ വേർപെടും.അവശേഷിക്കുന്നവ തുടർന്നുള്ള 625 സെക്കന്റുകളിൽ ഭ്രമണപഥത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. 

20 ഉപഗ്രഹങ്ങൾ ഒന്നിച്ചെത്തിച്ചതാണ് ഐ എസ് ആർ ഒ യുടെ ഏറ്റവും വലിയ ദൗത്യം. 2014 ൽ ഒറ്റ വിക്ഷേപത്തിൽ 37 ഉപഗ്രഹങ്ങളെത്തിച്ച റഷ്യയാണ് നിലവിൽ മുന്നിൽ.

 
അമേരിക്കയുടെയും ജര്‍മനിയുടെയും ഉള്‍പ്പെടെ ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി37 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍നിന്ന് രാവിലെ 9.28 ന് കുതിച്ചുയരും.പി എസ് എൽ വി യുടെ മുപ്പത്തിയൊമ്പതാം ദൗത്യമാണ് ഇത്.