ശത്രുക്കൾക്കെതിരെ മിസൈൽ ആക്രമണം നടത്തും:ഇറാൻ

ശത്രുക്കൾക്കെതിരെ മിസൈൽ ആക്രമണം നടത്തും:ഇറാൻ

ശത്രുക്കള്‍ ഇറാനെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്കെതിരെ മിസൈല്‍ പ്രയോഗിക്കുമെന്ന് ഇറാന്‍ സൈനിക കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ അമിർ അലി ഹജിസാദേഹ് മുന്നറിയിപ്പ് നൽകി.അമേരിക്കയും ചില യൂറോപ്യൻ രാജ്യങ്ങളും ഇറാന്റെ മിസൈൽ പരീക്ഷണത്തെ  വിമർശിച്ചതിനെ തുടർന്നാണ് ഇറാൻ നിലപാട് വ്യക്തമാക്കിയത്.

ഇറാന്റെ സുരക്ഷയ്ക്കായി രാപകലില്ലാതെ പ്രവർത്തിക്കുകയാണ്. ശത്രുക്കൾ നിലവിലെ വരിതെറ്റിച്ചാണ് മുന്നോട്ടുനീങ്ങുന്നതെങ്കിൽ തീര്‍ച്ചയായും മിസൈല്‍ അവരുടെ തലയെടുക്കുമെന്നും ആമിര്‍ അലി ഹജിസാദേഹ് പ്രതികരിച്ചു. ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തെ തുടര്‍ന്ന് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയതിനെതിരെ പ്രതികരിക്കുകയാണ് അദ്ദേഹം.

അതേസമയം, ഏതൊരു വെല്ലുവിളിയെയും നേരിടാൻ ഇറാൻ സേനകൾ സജ്ജമാണെന്നും അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന സൈനികാഭ്യസത്തിൽ ഇറാൻ എല്ലാ പ്രതിരോധ സാങ്കേതിക സംവിധാനങ്ങളും പരീക്ഷിച്ചു ഉറപ്പുവരുത്തി. മിസൈലുകൾ, റഡാർ സംവിധാനങ്ങൾ, ആശയവിനിമയം, നിയന്ത്രണ കേന്ദ്രങ്ങൾ, സൈബർ യുദ്ധത്തിനു വേണ്ട സംവിധാനങ്ങൾ,‌ ആന്റി മിസൈൽ പ്രതിരോധ യൂണിറ്റുകൾ, ഹ്രസ്വ- മധ്യദൂര മിസൈലുകൾ എല്ലാം കഴിഞ്ഞ ദിവസം ഇറാൻ പരീക്ഷിച്ച് ഉറപ്പുവരുത്തി.