ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു; പന്ത് പുറത്ത്

ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു; പന്ത് പുറത്ത്

ന്യൂഡൽഹി: ആരാധകരുടെ   കാത്തിരിപ്പിന് വിരാമമിട്ട് ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്‍ലിയുടെ നേതൃത്വത്തിലുള്ള 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ടീമിൽ ഇടം നേടുമെന്ന പ്രതീക്ഷിക്കപ്പെട്ടിരുന്ന യുവതാരം ഋഷഭ് പന്തിനെ തഴഞ്ഞ സിലക്ടർമാർ, ദിനേഷ് കാർത്തിക്കിനാണ് രണ്ടാം വിക്കറ്റ് കീപ്പറായി അവസരം നൽകിയത്. അമ്പാട്ടി റായുഡുവിനും ടീമിൽ ഇടം ലഭിച്ചില്ല. ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ ഉപനായകനായ അജിങ്ക്യ രഹാനെയെയും പരിഗണിച്ചില്ല. യുവരാജ് സിങ്, സുരേഷ് റെയ്ന തുടങ്ങിയവരും പുറത്തുതന്നെ.

 എന്നാല്‍ ടീമിൽ ഇടം സംശയത്തിലായിരുന്ന രവീന്ദ്ര ജഡേജ, വിജയ് ശങ്കർ, ലോകേഷ് രാഹുൽ എന്നിവരെ പതിനഞ്ചംഗ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മേയ് 30 മുതൽ ജൂലൈ 14 വരെ ഇംഗ്ലണ്ടിലും വെയിൽസിലുമായാണ് ലോകകപ്പ്. ജൂൺ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മൽസരം. മുൻ ഇന്ത്യൻ താരം കൂടിയായ എം.എസ്.കെ. പ്രസാദ് അധ്യക്ഷനായ സിലക്ഷൻ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്. സരൺദീപ് സിങ്, ദെബാങ് ഗാന്ധി, ജതിൻ പരാഞ്ജ്പെ, ഗഗൻ കോഡ എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ. ടീം പ്രഖ്യാപനത്തിനുള്ള അവസാന ദിനമായ ഏപ്രിൽ 23 വരെ ഐസിസിയുടെ അനുവാദം കൂടാതെ തന്നെ ടീമിൽ മാറ്റം വരുത്താൻ സൗകര്യമുണ്ട്.