മഞ്ഞപ്പട 30ന്  സ്‌പെയിനിലേക്ക്

മഞ്ഞപ്പട 30ന്  സ്‌പെയിനിലേക്ക്

ഐഎസ്എല്ലില്‍ നാലാം സീസണില്‍ കിരീടം നേടാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി സ്‌പെയിനിലെ പരിശീലനത്തിന് കേരള ബ്ലാസ്റ്റേഴ്‌സ് തയ്യാറെടുത്തുകഴിഞ്ഞു. ഈ മാസം 30ന് ആണ് ബ്ലാസ്റ്റേഴ്‌സ് സ്‌പെയിനിലേക്ക് വിമാനം കയറുക. നിലവില്‍ ഹൈദരാബാദിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലന ക്യാമ്പ്.

സ്‌പെയിനിലെ ആന്‍ഡ്രൂഷ്യന്‍ മേഖലയിലെ തീരദേശ നഗരമായ മാര്‍ബെല്ലയിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലന ക്യാമ്പ് നിശ്ചയിച്ചിരുന്നത്. ഒക്ടോബര്‍ ഒന്ന് മുതലാണ് ക്യാമ്പിന് ഔദ്യോഗിക തുടക്കമാകുക. ബ്ലാസ്‌റ്റേഴ്‌സിന്റെ വിദേശ താരങ്ങളായ ബെര്‍ബറ്റോവ്, വെസ് ബ്രൗണ്‍, ഗോള്‍ കീപ്പര്‍ പോള്‍ റഹുബ്ക എന്നിവര്‍ സ്‌പെയിനില്‍ വെച്ചാകും ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേരുക.

സ്‌പെയിനിലെ വിവിധ ക്ലബുകളുമായി സൗഹൃദ മത്സരങ്ങള്‍ കളിക്കാനാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ആലോചിക്കുന്നത്. ഇതിനായി നിരവധി ടീമുകളുമായി ഇതിനോടകം തന്നെ ധാരണയായിട്ടുണ്ട്.

നിലവില്‍ ഹൈദരാബാദില്‍ അസിസ്റ്റന്റ് കോച്ച് തങ്‌ബോയ് സിങ്‌ടോയുടെ നേതൃത്വത്തിലാണ് പരിശീലന ക്യാമ്പ് നടക്കുന്നത്. അടുത്ത ആഴ്ച്ചയോടെ മുഖ്യ പരിശീലകന്‍ റെനെ മ്യൂളന്‍ളസ്റ്റീനും ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേരും.

ഇന്ത്യന്‍ താരങ്ങളായ സന്ദേശ് ജിങ്കന്‍, ലാല്‍റുത്താര, ജാക്കിചന്ദ് സിങ് എന്നിവര്‍ ഇതുവരെ ക്യാമ്പിനൊപ്പം ചേര്‍ന്നിട്ടില്ല. ത്രി രാഷ്ട്ര ടൂര്‍ണമെന്റും പിന്നാലെ വന്ന മക്കാവുവിനെതിരായ ഏഷ്യന്‍ കപ്പ് യോഗ്യത മത്സരവും കളിച്ച താരങ്ങള്‍ അഞ്ച് ദിവസത്തെ അവധിക്ക് ശേഷം മാത്രമേ ടീമിനൊപ്പം ചേരുകയുള്ളു.

അതെസമയം ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേര്‍ന്ന മലയാളി താരങ്ങള്‍ക്ക് ഈ അവസരം ശരിക്കും മുതല്‍കൂട്ടാകും. ഏഴ് മലയാളി താരങ്ങളാണ് ബ്ലാസ്റ്റേഴ്‌സുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്