വിവാദങ്ങള്‍ക്ക് വിട; ഇന്ത്യ-വിന്‍ഡീസ് ഏകദിനം തിരുവനന്തപുരത്ത്; മത്സരം നവംബര്‍ ഒന്നിന്

 വിവാദങ്ങള്‍ക്ക് വിട; ഇന്ത്യ-വിന്‍ഡീസ് ഏകദിനം തിരുവനന്തപുരത്ത്; മത്സരം നവംബര്‍ ഒന്നിന്

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ചിരിക്കുന്ന ഇന്ത്യ-വിന്‍ഡീസ് ഏകദിന മത്സരം തിരുവനന്തപുരം കാര്യവട്ടത്തുള്ള ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. കെസിഎ ഭാരവാഹികളുമായി കായികമന്ത്രി എസി മൊയ്തീന്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച അന്തിമതീരുമാനം കൈക്കൊണ്ടത്.

മത്സരം തിരുവനന്തപുരത്ത് നടത്തുന്നതില്‍ തത്വത്തില്‍ ധാരണയായതായി കെസിഎ ഭാരവാഹികള്‍ പറഞ്ഞു. സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് വേദി തിരുവനന്തപുരത്തേക്ക് മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും കെസിഎ വ്യക്തമാക്കി.

കലൂര്‍ സ്റ്റേഡിയത്തില്‍ മത്സരം നടത്തുന്നതില്‍ പ്രതിഷേധം ഉടലെടുത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ എടുത്ത ഉറച്ചനിലപാടാണ് വേദി മാറ്റത്തില്‍ നിര്‍ണായകമായിരിക്കുന്നത്. ക്രിക്കറ്റ് മത്സരത്തിനായി പിച്ചി ഒരുക്കുന്നതിലൂടെ ഫുട്ബോള്‍ ഗ്രൗണ്ട് നശിക്കുമെന്നത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം ഉയര്‍ന്നത്. വിവാദമുണ്ടാക്കാന്‍ ആഗ്രഹമില്ലെന്നും തര്‍ക്കങ്ങളില്ലാതെ മത്സരം നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും കായികമന്ത്രി വ്യക്തമാക്കിയിരുന്നു.

ഫിഫയുടെ മേല്‍നോട്ടത്തില്‍ രാജ്യാന്തര നിലവാരത്തില്‍ നിര്‍മിച്ച ഫുട്‌ബോള്‍ കളിക്കളം ഇളക്കിക്കളഞ്ഞു ക്രിക്കറ്റ് പിച്ച് നിര്‍മിക്കുന്നതിൽ പ്രതിഷേധിച്ച് ഇയാന്‍ ഹ്യൂമും, സികെ വിനീതും, റിനോ ആന്റോയും ശശി തരൂരും മറ്റും ക്രിക്കറ്റ് മത്സരം നടത്തുന്നതിനെതിരെ രംഗത്തു വന്നിരുന്നു. ഇതോടെ വേദി സംബന്ധിച്ച്‌ അനിശ്ചിതത്വം ഉടലെടുത്തു.