രോഹിത് ശർമയ്ക്ക് സെഞ്ചുറി; ദക്ഷിണാഫ്രിക്കയ്ക്ക് 275 റണ്‍സ് വിജയലക്ഷ്യം

രോഹിത് ശർമയ്ക്ക് സെഞ്ചുറി; ദക്ഷിണാഫ്രിക്കയ്ക്ക് 275 റണ്‍സ് വിജയലക്ഷ്യം

ഇന്ത്യയ്ക്കെതിരായ അ‍ഞ്ചാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 275 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗാരംഭിച്ച ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 274 റണ്‍സെടുത്തു. 17-ാം ഏകദിന സെഞ്ചുറി നേടിയ ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോറിലെത്തിയത്. വിമര്‍ശനങ്ങളെ അതിര്‍ത്തികടത്തി പരമ്പരയിലെ ആദ്യ സെഞ്ചുറി കണ്ടെത്തിയ രോഹിത് 126 പന്തില്‍ 115 റണ്‍സെടുത്ത് പുറത്തായി. 107 പന്തില്‍ എട്ട് ഫോറും നാല് സിക്സും സഹിതമാണ് രോഹിത് ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 

31.4 ഓവറില്‍ രണ്ടിന് 176 റണ്‍സെന്ന നിലയില്‍ മികച്ച സ്‌കോറിലേക്ക് കുതിക്കുകയായിരുന്ന ഇന്ത്യയ്ക്ക് കോഹ്‌ലിയും രഹാനെയും അനാവശ്യ റണ്ണൗട്ടുകളിലൂടെ വിക്കറ്റ് വലിച്ചെറിഞ്ഞതാണ് വിനയായത്. മുന്‍നിര നല്‍കുന്ന മികച്ച തുടക്കം മുതലാക്കാനാകാതെ മധ്യനിര തകരുന്ന പതിവ് ഇക്കുറിയും ഇന്ത്യന്‍ ഇന്നിങ്‌സില്‍ ആവര്‍ത്തിച്ചു.

23 പന്തില്‍ 34 റണ്‍സെടുത്ത ശീഖര്‍ ധവാന്‍റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. രോഹിത്-കോലി സഖ്യം മികച്ച കൂട്ടുകെട്ട് സൃഷ്ടിച്ചതോടെ ഇന്ത്യ കൂറ്റന്‍ സ്കോറിലെത്തുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ 36 റണ്‍സില്‍ നില്‍ക്കേ കോലി പുറത്താകുമ്പോള്‍ ടീം സ്കോര്‍ 153-2. 32 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ രഹാനെ(8) കൂടി പുറത്തായത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി. സിംഗിളെടുക്കാന്‍ രോഹിതുമായുണ്ടായ ആശയക്കുഴപ്പമാണ് രഹാനെയ്ക്ക് വില്ലനായത്. 

ഇതോടെ ഇന്ത്യന്‍ റണ്‍വേട്ട ഏറെക്കുറെ അസ്തമിച്ചിരുന്നു. എന്നാല്‍ ഒരറ്റത്ത് അമിതാവേശമില്ലാതെ കരുതലോടെ കളിച്ച രോഹിത് തകര്‍പ്പന്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. പോര്‍ട്ട് എലിസബത്തില്‍ ഏകദിനത്തില്‍ ഇന്ത്യന്‍ താരത്തിന്‍റെ ആദ്യ സെഞ്ചുറിയും ഉയര്‍ന്ന സ്കോറുമാണ് രോഹിത് സ്വന്തമാക്കിയത്.