ഈസ്റ്റ് ബംഗാള്‍ സൂപ്പര്‍ കപ്പ് ഫൈനലില്‍ കടന്നു

ഈസ്റ്റ് ബംഗാള്‍ സൂപ്പര്‍ കപ്പ് ഫൈനലില്‍ കടന്നു

ഭുവനേശ്വര്‍: ഐ.എസ്.എല്‍ ടീമായ എഫ്.സി ഗോവയെ മറികടന്ന് ഐ-ലീഗ് ടീം ഈസ്റ്റ് ബംഗാള്‍ സൂപ്പര്‍ കപ്പ് ഫൈനലില്‍. ഡുഡു നേടിയ ഏക ഗോളിലാണ് ഈസ്റ്റ് ബംഗാളിന്റെ വിജയം. 78-ാം മിനിറ്റിലായിരുന്നു നൈജീരിയന്‍ താരമായ ഡുഡുവിന്റെ ഗോള്‍. 

ജംഷദ്പൂരിനെതിരായ ക്വാര്‍ട്ടര്‍ മത്സരത്തിലെ കൈയാങ്കളി മൂലം അഞ്ച് താരങ്ങള്‍ സസ്‌പെന്‍ഷനിലായതോടെ ഗോവ രണ്ടാം ടീമുമായാണ് ഇറങ്ങിയത്. പതിനൊന്ന് താരങ്ങളെ കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണെന്ന് മത്സരത്തിന് മുമ്പ് ഗോവയുടെ പരിശീലകന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. നാല് അരങ്ങേറ്റക്കാരുമായി കളിക്കാനിറങ്ങിയ ഗോവ തുടക്കത്തില്‍ തന്നെ പിന്നോട്ടു പോയി. എന്നാല്‍ ഗോള്‍കീപ്പര്‍ കട്ടിമണിയുടെ മികവ് ഗോവയെ പലപ്പോഴും സഹായിച്ചു. 

എന്നാല്‍ 78-ാം മിനിറ്റില്‍ കട്ടിമണിക്കും പിഴച്ചു. ഗോവ പ്രതിരോധ നിരയെ നിരന്തരം പരീക്ഷിച്ച കട്‌സുമി യുസയാണ് ഡുഡുനവിന്റെ ഗോളിന് വഴിയൊരുക്കിയത്. ചൊവ്വാഴ്ച്ച നടക്കുന്ന ബെംഗളൂരു എഫ്.സിയും മോഹന്‍ ബഗാനും തമ്മിലുള്ള മത്സര വിജയികളെയാകും ഈസ്റ്റ് ബംഗാള്‍ ഫൈനലില്‍ നേരിടുക. ഏപ്രില്‍ 20നാണ് ഫൈനല്‍.