വിദേശ താരങ്ങളുടെ വരവ് അവസാനിച്ചു; ബ്ലാസ്റ്റേഴ്‌സ് വിദേശ ലൈനപ്പായി  

വിദേശ താരങ്ങളുടെ വരവ് അവസാനിച്ചു; ബ്ലാസ്റ്റേഴ്‌സ് വിദേശ ലൈനപ്പായി  

ഐഎസ്എല്‍ നാലാം സീസണിന് തയ്യാറെടുക്കുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ വിദേശ ലൈനപ്പും തീരുമാനമായി. വിദേശ കളിക്കാരുമായി കരാര്‍ ഉണ്ടക്കേണ്ട അന്തിമ തീയതി കൂടി കഴിഞ്ഞതോടെയാണ് ഇക്കാര്യത്തിലുളള അന്തിമ ചിത്രം തെളിഞ്ഞത്.

ഏഴ് വിദേശ താരങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് നിരയില്‍ ഉണ്ടാകുക. ഇയാന്‍ ഹ്യൂം, പെകൂസണ്‍, ലാകിച് പെസിച്, പോള്‍ റചുബ്ക, മാര്‍ക് സിഫ്‌നിയോസ് , ബെര്‍ബറ്റോവ്, വെസ് ബ്രൗണ്‍, എന്നിവരുമായാണ് ബ്ലാസ്‌റ്റേഴ്‌സ് ഇത്തവണ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. 

ജനുവരിയില്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ വീണ്ടും തുറക്കുമ്പോള്‍   അത്യാവശ്യമെങ്കിൽ എട്ടാം താരവുമായി കേരളത്തിന് സൈന്‍ ചെയ്യാം. ഐഎസ്എല്‍ നിയമാവലി പ്രകാരം ചുരുങ്ങിയത് ഏഴും പരമാവധി എട്ടും വിദേശ താരങ്ങളെ മാത്രമേ ലീഗില്‍ അനുവദിക്കൂ.

ഐഎസ്എല്ലിലെ ഏറ്റവും കുറഞ്ഞ വിദേശ താരങ്ങളുളള ടീമുകളില്‍ ഒന്നായി മാറി കേരള ബ്ലാസ്‌റ്റേഴ്‌സ്. ബ്ലാസ്റ്റേഴ്‌സിനെ കൂടാതെ ഡല്‍ഹി ഡൈനാമോസിലും ഏഴ് വിദേശ താരങ്ങളാണുള്ളത്. ബ്ലാസ്റ്റേഴ്‌സും ഡല്‍ഹി ഡൈനാമോസും ഒഴികെയുളള ടീമുകള്‍ക്ക് എട്ട് വിദേശ താരങ്ങളുണ്ട്. ഇതില്‍ എട്ട് വിദേശ താരങ്ങളെ ഒരുമിച്ച് പ്രഖ്യാപിച്ച് നോര്‍ത്ത് ഈസ്റ്റ് കഴിഞ്ഞ ദിവസം ഞെട്ടിച്ചിരുന്നു.