ഐ എസ് എല്‍: നിരക്ക് കുറച്ച്‌ കേരളാ ബ്ലാസ്റ്റേഴ്‌സ്; അഞ്ചാം സീസണിലെ ടിക്കറ്റ് വിതരണം ആരംഭിച്ചു

ഐ എസ് എല്‍: നിരക്ക് കുറച്ച്‌ കേരളാ ബ്ലാസ്റ്റേഴ്‌സ്; അഞ്ചാം സീസണിലെ ടിക്കറ്റ് വിതരണം ആരംഭിച്ചു

കൊച്ചി: ഐ എസ് എല്‍ അഞ്ചാം സീസണിലെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. പ്രളയക്കെടുതിയില്‍ കൈത്താങ്ങായ മത്സ്യത്തൊഴിലാളികള്‍ക്ക് ടിക്കറ്റ് നല്‍കികൊണ്ട് എറണാകുളം ജില്ലാ കലക്ടര്‍ മുഹമ്മദ് സഹീറുല്ലയാണ് ടിക്കറ്റുകളുടെ വിതരണോത്ഘാടനം നിര്‍വഹിച്ചു.

ബ്ലാസ്റ്റേഴ്‌സ് ടിം അപ്പ് ഫോര്‍ കേരള- 'ഇനി പന്തുരുളുമ്ബോള്‍ നാടുയരും' എന്നതാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന്‍റെ ആപ്തവാക്യം.


 
കഴിഞ്ഞ സീസണിനെ അപേഷിച്ച്‌ കുറഞ്ഞ നിരക്കുകളാണ് ഇത്തവണ ടിക്കറ്റുകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ന് മുതല്‍ 24 വരെ ടിക്കറ്റുകള്‍ക്ക് നിരക്ക് ഇളവ് നല്‍കും.

199 രൂപ മുതല്‍ 1250 രൂപവരെയാകും ടിക്കറ്റ് നിരക്കുകള്‍. ഇതിന് ശേഷമുള്ള നിരക്കുകള്‍ പ്രഖ്യാപിച്ചിട്ടില്ല. നോര്‍ത്ത്, സൗത്ത് ഗ്യാലറി ടിക്കറ്റുകളാകും 199 രൂപക്ക് ലഭിക്കുക. വെസ്റ്റ്, ഈസ്റ്റ് ഗ്യാലറിക്ക് 249 രൂപ. ബി, ഡി ബ്ലോക്കുകള്‍ക്ക് 349 രൂപയും എ,സി,ഇ ബ്ലോക്കുകള്‍ക്ക് 449 രൂപയുമാണ് നിരക്ക്. വിഐപി ടിക്കറ്റിന് 1250 രൂപ. കൊച്ചിയില്‍ നടക്കുന്ന എല്ലാ മത്സരങ്ങളുടെയും ടിക്കറ്റുകള്‍ 24 നു മുന്‍പ് തന്നെ പ്രത്യക ഇളവില്‍ ഓണ്‍ലൈനായി വാങ്ങാവുന്നതാണ്.

ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ക്ക് പേ ടി എമ്മുമായി അടുത്ത മൂന്ന് സീസണുകളിലേക്ക് ബ്ലാസ്‌റ്റേഴ്‌സ് ധാരണയില്‍ എത്തിയിട്ടുണ്ട് പേ ടിഎം വെബ്ബ് സൈറ്റിലൂടെയും സഹസ്ഥാപനമായ ഇന്‍സൈഡര്‍ ഇന്‍ വെബ്ബ് സൈറ്റിലൂടെയും ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം. ഓണ്‍ലൈനായി ടിക്കറ്റെടുക്കുന്നവര്‍ക്ക് പിന്നീട് സ്റ്റേഡിയത്തിലെത്തി ഒറിജിനല്‍ ടിക്കറ്റുകള്‍ വാങ്ങേണ്ടതില്ല. ഇ- ടിക്കറ്റുകള്‍ സ്‌റ്റേഡിയത്തിന്റെ കൗണ്ടറില്‍ സ്‌കാന്‍ ചെയ്ത് ആരാധകര്‍ക്ക് നേരിട്ട് സ്‌റ്റേഡിയത്തിനുള്ളില്‍ പ്രവേശിക്കാം.